ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതിയായ നിരാമയ ഇന്‍ഷുറന്‍സിലേക്ക് അപേക്ഷിക്കാം.

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസിക വെല്ലുവിളി, ബഹുവൈകല്യം എന്നിവ ബാധിച്ച ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതിയായ നിരാമയ ഇന്‍ഷുറന്‍സിലേക്ക് അപേക്ഷിക്കാം. പദ്ധതി പ്രകാരം പ്രതിവര്‍ഷം ഒരുലക്ഷം രൂപ വരെയുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കും. നാഷണല്‍ ട്രസ്റ്റ് നിയമത്തിന്റെ പരിധിയില്‍ വരുന്ന ഏത് പ്രായത്തിലുള്ള ഭിന്നശേഷിക്കാര്‍ക്കും നിരാമയ ഇന്‍ഷുറന്‍സില്‍ ചേരാം. ഇന്‍ഷുറന്‍സില്‍ ചേരുന്നതിന് മുമ്പ് എന്ത് രോഗം ഉണ്ടായിരുന്നാലും ഡോക്ടര്‍ മാരുടെ പ്രത്യേക പരിശോധനയും റിപ്പോര്‍ട്ടും ആവശ്യമില്ല.

ഇന്‍ഷുറന്‍സ് തുക

ആശുപത്രിയില്‍ കിടക്കാതെയുള്ള ചികിത്സയ്ക്കും കിടത്തിയുള്ള ചികിത്സയ്ക്കും ഇന്‍ഷുറന്‍സ് തുക ലഭിക്കും. ആശുപത്രിയില്‍ കിടക്കാതെയുള്ള ചികിത്സയില്‍ സാധാരണ അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് (സ്‌കാന്‍/ലാബ് ടെസ്റ്റുകള്‍/എക്സ്‌റേ ഉള്‍പ്പെടെ) 8,000 രൂപയും വൈകല്യത്തെതുടര്‍ന്നുള്ള റഗുലര്‍ ചെക്കപ്പുകള്‍ക്ക് 4,000 രൂപയും പല്ല് ചികിത്സയ്ക്ക് 2,500 രൂപയും ഫിസിയോ/ഒക്യൂപ്പേഷനല്‍/സ്പീച്ച് തെറാപ്പിയ്ക്ക് 10,000 രൂപയും ഹോമിയോ/ആയുര്‍വേദം തുടങ്ങിയ ഇതര ചികിത്സയ്ക്ക്  4,500 രൂപയും ആംബുലന്‍സ്/ടാക്‌സി തുടങ്ങിയ യാത്രചെലവുകള്‍ക്ക് 1,000 രൂപയും ലഭിക്കും. ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സയില്‍ വൈകല്യങ്ങളുമായി ബന്ധപ്പെട്ട ഓപ്പറേഷന് 40,000 രൂപയും മറ്റ് അസുഖങ്ങളെ /അപകടങ്ങളെ തുടര്‍ന്നുള്ള ഓപ്പറേഷന്‍ 15,000 രൂപയും സാധാരണ അസുഖങ്ങള്‍ക്കുള്ള കിടത്തി ചികിത്സയ്ക്ക് 15,000 രൂപയും ലഭിക്കും. എല്ലാവര്‍ഷവും മാര്‍ച്ച് 31 വരെയാണ് ഇന്‍ഷുറന്‍സിന്റെ കാലാവധി. എല്ലാവര്‍ഷവും ഇന്‍ഷൂറന്‍സ് പുതുക്കണം. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് പുതുക്കേണ്ടത്. എല്ലാവര്‍ഷവും കാര്‍ഡ് നമ്പറും, പോളിസി നമ്പറും മാറും. പുതുക്കിയ കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ തുടര്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിക്കൂ.

ആവശ്യമായ രേഖകള്‍

കുട്ടിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് കോപ്പി, മാനസിക വെല്ലുവിളി, സെറിബ്രല്‍ പാള്‍സി, ഓട്ടിസം, മള്‍ട്ടിപ്പിള്‍ ഡിസ്എബിലിറ്റി എന്നിവയിലേതെങ്കിലും ഒന്ന് തെളിയിക്കുന്ന ഡിസ്എബിലിറ്റി സര്‍ട്ടിഫിക്കറ്റ് കോപ്പി,  റേഷന്‍ കാര്‍ഡ് കോപ്പി, ജനന സര്‍ട്ടിഫിക്കറ്റ് കോപ്പി,  ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ എടുത്തിട്ടുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് കോപ്പി, ഒരു വെള്ളക്കടലാസില്‍ കൃത്യമായ മേല്‍വിലാസവും മൊബൈല്‍ നമ്പറും എഴുതി ഈ രേഖകളോടൊപ്പം വെക്കണം.

അപേക്ഷ നല്‍കേണ്ടത്

ഇന്‍ഷുറന്‍സില്‍ ചേരുന്നവര്‍ രേഖകള്‍ വി.കെ.എം സ്പെഷല്‍ സ്‌കൂള്‍, പുറമണ്ണൂര്‍ (പോസ്റ്റ്), വളാഞ്ചേരി (വഴി), മലപ്പുറം ജില്ല, 676552 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9061426385 (പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെ) എന്ന നമ്പറില്‍ ബന്ധപ്പെടണം.

error: Content is protected !!