പരപ്പനങ്ങാടി കോടതി കെട്ടിട സമുച്ചയ നിർമ്മാണത്തിന് 25.56 കോടി രൂപയുടെ അനുമതി

                                                                                                                                   

തിരൂരങ്ങാടി: പരപ്പനങ്ങാടി കോടതി ബഹുനില കെട്ടിടത്തിലേക്ക്. കോടതി സമുച്ചയ കെട്ടിട നിർമ്മാണത്തിന് 25,56,60,377 രൂപയുടെ ഭരണാനുമതി ലഭിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.എ മജീദും, മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദു റബ്ബും പ്രവൃത്തിക്കു ഭരണാനുമതി നല്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഇടപെടലുകൾ നടത്തിയിരുന്നു. ജില്ലയുടെ ചരിത്രത്തില്‍ അതീവ പ്രാധാന്യമുള്ള ഈ കോടതിയില്‍ മുന്‍സിഫ് ആയിരിക്കെയാണ് ഒ. ചന്തുമേനോന്‍ തന്റെ വിഖ്യാത നോവലായ ഇന്ദുലേഖ രചിച്ചത്.

മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ സ്ഥല സൗകര്യമുള്ളതും എന്നാൽ കെട്ടിടത്തിന്റെ അപര്യാപ്തത നേരിടുന്നതുമായ ഈ കോടതിക്ക് കെട്ടിടം അനുവദിക്കണമെനാവശ്യപ്പെട്ട് കെ.പി.എ.മജീദ് നിരന്തരം നിയമസഭയിൽ സബ്മിഷന് അവതരിപ്പിക്കുകയും, മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.

എം.എൽ.എ നൽകിയ പ്രൊപോസൽ പ്രകാരമുള്ള എസ്റ്റിമേറ്റ് കേരളം ഹൈക്കോടതി പരിശോധിച്ച് അംഗീകരിച്ച് ഭരണാനുമതി ലഭ്യമാക്കുന്നതിന് സർക്കാരിന് കൈമാറിയെങ്കിലും ഇത്രയും തുക അനുവദിക്കാൻ കഴിയില്ലെന്നും, എസ്റ്റിമേറ്റിൽ പറയുന്ന ചില ഘടകങ്ങൾ വെട്ടിക്കുറച്ച് പദ്ധതിയുടെ തുക കുറച്ചു പ്രൊപോസൽ പുനഃസമർപ്പിക്കാൻ ആവിശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചെങ്കിലും , പ്രൊപ്പോസലിൽ മാറ്റം വരുത്താൻ പറ്റില്ലെന്നും ഹൈക്കോടതി അംഗീകരിച്ച പ്ലാനിനു തന്നെ അനുമതി നല്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് തന്നെ തിരിച്ചയക്കുകയായിരിന്നു. എന്നാൽ അനുമതി നൽകാതെ രണ്ട് വർഷത്തോളം വീണ്ടും സർക്കാർ താമസിപ്പിച്ചു.

ഇതിനെതിരെ നിലവിലെ എം.എൽ.എ കെ.പി.എ മജീദും, പരപ്പനങ്ങാടി ബാർ അസോസിയേഷനും മുൻ അഡീഷണൽ അഡ്വക്കറ്റ് ജനറൽ കെ.എ ജലീൽ മുഖേന കേരള ഹൈക്കോടതിയെ സമീപിച്ച് റിട്ട് ഹരജി ഫയൽ ചെയ്യുകയായിരുന്നു. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ ബഞ്ച് സർക്കാരിനോട് ഈ പ്രവർത്തിക്കു ഭരണാനുമതി നല്കാത്തതിനെതിരെ വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. ഇതോടു കൂടിയാണ് കേസ് പരിഗണിക്കുന്ന അടുത്ത തിയതിക്ക് മുൻപ് തന്നെ ആഭ്യന്തര വകുപ്പ് ഭരണാനുമതി ഉത്തരവിറക്കിയത്.

നാല് കോടതികൾ പ്രവർത്തിക്കാൻ സാധിക്കുന്ന രൂപത്തിൽ അഞ്ചു നില കെട്ടിടം നിർമ്മിക്കുന്നതിനാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. നിലവിലുള്ള കോടതിയുടെ തനിമ നിലനിർത്തിക്കൊണ്ട്, പ്രകൃതി സൗഹൃദമായാണ് കെട്ടിട നിർമ്മാണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് പ്രൊപോസൽ സമർപ്പിച്ചിരുന്നത്. അടിയന്തിരമായി ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവർത്തി ആരംഭിക്കുന്നതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി കെ.പി.എ മജീദ് അറിയിച്ചു.

error: Content is protected !!