‘അതിദാരിദ്ര്യമുക്ത കേരളം’ ; പരമ ദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമാകും കേരളമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : അതിദാരിദ്ര്യമുക്ത കേരളം പദ്ധതിയിലൂടെ പരമ ദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമാകും കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 64,006 പരമ ദരിദ്രാവസ്ഥയില്‍ കഴിയുന്ന കുടുംബങ്ങളെ സംരക്ഷിക്കാനുള്ള നടപടികള്‍ക്ക് സംസ്ഥാനത്ത് തുടക്കമാകുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ പരമ ദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമാകും കേരളമെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വീടില്ലാത്തവരും ഭൂമിയും വീടുമില്ലാത്തവരുമായ അതിദരിദ്രര്‍ക്ക്, ലൈഫ് പട്ടികയില്‍ മുന്‍ഗണന നല്‍കി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 11,340 പേര്‍ക്കാണ് ഇതിലൂടെ വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘അവകാശം അതിവേഗം യജ്ഞത്തിലൂടെ’ അടിസ്ഥാന അവകാശ രേഖകള്‍ നല്‍കും. അടിസ്ഥാന സൗകര്യം, പഠന സൗകര്യം, ചികിത്സാ സൗകര്യം, ഭക്ഷണം ഉറപ്പാക്കല്‍, പുനരധിവാസം എന്നിങ്ങനെ എല്ലാതലത്തിലും സര്‍ക്കാര്‍ കൈത്താങ്ങുറപ്പാക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!