പ്ലസ് വണ്‍ പ്രവേശനം ; ആദ്യ അലോട്ട്‌മെന്റ് നാളെ

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് നാളെ. ഇന്നു രാത്രിയോടെതന്നെ പ്രസിദ്ധീകരിക്കാനും സാധ്യതയുണ്ട്. മെറിറ്റ് സീറ്റില്‍ ട്രയല്‍ അലോട്‌മെന്റ് ലഭിച്ച 2,44,618 പേരെയാകും ആദ്യ അലോട്‌മെന്റിലും മുഖ്യമായി പരിഗണിക്കുക. ട്രയല്‍ അലോട്‌മെന്റിനു ശേഷം അപേക്ഷയില്‍ വരുത്തിയ തിരുത്തലുകളുടെ അടിസ്ഥാനത്തില്‍ അര്‍ഹരായവരുണ്ടെങ്കില്‍ അവരെയും പരിഗണിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് അടുത്ത ദിവസം മുതല്‍ പ്രവേശനം നേടാനാകും. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയുടെ ആദ്യ അലോട്‌മെന്റും നാളെ മുതല്‍ പ്രവേശനം നേടാനാകുന്ന തരത്തില്‍ പ്രസിദ്ധീകരിക്കും. പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ അപേക്ഷിച്ചവരുടെ ആദ്യ അലോട്ട്‌മെന്റും നാളെയാണ്.

സംവരണം കൃത്യമായി പാലിച്ചും ആവശ്യത്തിന് അപേക്ഷകരില്ലാത്ത സംവരണ സീറ്റുകള്‍ ഒഴിച്ചിട്ടുമാണ് ആദ്യ അലോട്‌മെന്റ് വരുന്നത്. മൂന്നാം അലോട്‌മെന്റിലാകും ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലേക്കു മാറ്റുക.

താല്‍ക്കാലിക ബാച്ചുകളും മാര്‍ജിനല്‍ സീറ്റുകളും ഉള്‍പ്പെടെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ്, കമ്യൂണിറ്റി സീറ്റുകളും അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകളും ഉള്‍പ്പെടെ 4,33,231 പ്ലസ് വണ്‍ സീറ്റുകളാണുള്ളത്.

error: Content is protected !!