പ്രീപ്രൈമറി വിദ്യാഭ്യാസം ഇനി മൂന്ന് വര്‍ഷം ; മാറ്റം അടുത്ത വര്‍ഷം മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രീപ്രൈമറി വിദ്യാഭ്യാസം 2 വര്‍ഷത്തിനു പകരം ഇനി 3 വര്‍ഷം. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 2026 മുതല്‍ 6 വയസ്സാക്കുന്നതിനൊപ്പമായിരിക്കും മാറ്റം.

ഇപ്പോള്‍ 3 വയസ്സില്‍ പ്രീപ്രൈമറി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം വയസ്സില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം ലഭിക്കുന്ന സ്ഥാനത്താണ് ഒരു വര്‍ഷം കൂടി അധികം പഠിക്കേണ്ടി വരിക. 2026 മുതലും പ്രീപ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്നത് മൂന്നാം വയസ്സില്‍ തന്നെയായിരിക്കും

3 വര്‍ഷത്തെ പ്രീപ്രൈമറി പഠനത്തിനുള്ള പാഠ്യപദ്ധതി എസ് സി ഇ ആര്‍ ടി രൂപപ്പെടുത്തും. വിദ്യാഭ്യാസ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് പ്രീസ്‌കൂള്‍ വിദ്യാഭ്യാസം ഏകീകരിക്കാനുള്ള നടപടികളും ഇതിനൊപ്പം സ്വീകരിക്കുമെന്നു വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രീസ്‌കൂള്‍ ആരംഭിക്കുന്നതിനുള്ള അനുമതി, മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ച മാര്‍ഗരേഖയും തയാറാക്കുകയാണ്. സ്വകാര്യ പ്രീപ്രൈമറി വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട പരാതികളുടെ പശ്ചാത്തലത്തിലാണിത്.

പഠനം 3 വര്‍ഷമാക്കുമ്പോള്‍ അതിനുള്ളില്‍ കുട്ടികള്‍ ആര്‍ജിക്കേണ്ട മികവുകള്‍ വ്യക്തമാക്കുന്ന പാഠ്യപദ്ധതിയാകും രൂപപ്പെടുത്തുകയെന്ന് എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ.ആര്‍.കെ.ജയ പ്രകാശ് പറഞ്ഞു. 2013 ല്‍ രൂപപ്പെടുത്തിയ പാഠ്യപദ്ധതി അനുസരിച്ചുള്ള ‘കളിത്തോണി’ എന്ന പാഠപുസ്തകമാണ് ഇപ്പോള്‍ പൊതു വിദ്യാലയങ്ങളിലെ പ്രീ പ്രൈമറിയില്‍ കുട്ടികള്‍ ഉപയോഗിക്കുന്നത്.

error: Content is protected !!