Sunday, August 17

പൊതുവിപണിയിലെ വിലക്കയറ്റം: സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി

ഓണത്തോടനുബന്ധിച്ച് പൊതു വിപണിയിലെ വിലക്കയറ്റം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി താലൂക്കിലെ പാണ്ടിമുറ്റം, തെയ്യാല എന്നീ ഭാഗങ്ങളിലെ പൊതുവിപണിയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പരിശോധന നടത്തി. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകള്‍ വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.പി.കൃഷ്ണന്‍ അറിയിച്ചു. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്കൊപ്പം റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ബിന്ധ്യ, ഡി.കെ ലത, യു. അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധനകള്‍ നടത്തും.

പൊതുവിപണിയിലെ വിലക്കയറ്റം:
ജില്ലാ സപ്ലൈ ഓഫീസറുടെ പരിശോധന തുടരുന്നു

പൊതുവിപണിയിലെ കരിഞ്ചന്തയും വിലക്കയറ്റവും പൂഴ്ത്തിവെപ്പ് എന്നിവ തടയുന്നതിനായി ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനിയുടെ നേതൃത്വത്തില്‍ തിരൂരില്‍ പരിശോധന നടത്തി. തിരൂര്‍ താലൂക്കിലെ കോട്ടക്കല്‍ നഗരസഭ, വൈലത്തൂര്‍ എന്നീ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളാണ് പരിശോധിച്ചത്. പരിശോധനയില്‍ 11 പലചരക്ക് കട, 11 പച്ചക്കറി, ചിക്കന്‍, മൂന്ന് മട്ടന്‍ സ്റ്റാള്‍, റേഷന്‍കട എന്നിവ പരിശോധിച്ചു. വ്യാപാരികളോട് ആവശ്യമായ എല്ലാ ലൈസന്‍സുകളും വില വിവരവും പ്രദര്‍ശിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കി. തിരൂര്‍താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.ഷീജ, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ ശ്രീകല, വി.പി ഷാജുദ്ദീന്‍, ജോമി ജോണ്‍ എന്നിവരാണ് പരിശോധന നടത്തിയത്. പരിശോധന വരും ദിവസങ്ങളിലും തുടരും.

error: Content is protected !!