ജനിതക എന്‍ജിനീയറിങ് ഉപയോഗിച്ച് കൊതുകുകളുടെ കൂത്താടികളെ മാത്രമായി കൊല്ലുന്ന പെപ്‌റ്റൈഡ് (ചെറിയ പ്രോട്ടീന്‍) ഉത്പാദിപ്പിച്ച കാലിക്കറ്റിലെ ഗവേഷകര്‍ക്ക് പേറ്റന്റ്. ജന്തുശാസ്ത്ര പഠനവകുപ്പിലെ റിട്ട. പ്രൊഫസറം സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ഇന്‍ മോളിക്യുലാര്‍ ബയോളജി സ്ഥാപകനുമായ ഡോ. വി.എം. കണ്ണനും ഗവേഷണ വിദ്യാര്‍ഥിനി എം. ദീപ്തിയും ചേര്‍ന്നാണ് കണ്ടുപിടിത്തം നടത്തിയത്.
ട്രിപ്‌സിന്‍ മോഡുലേറ്റിംഗ് ഉസ്റ്റാറ്റിക് ഫാക്ടര്‍ (ടി.എം.ഒ.എഫ്.) എന്നറിയപ്പെടുന്ന ഈ പെപ്‌റ്റൈഡിന്റെ ജീന്‍ ക്ലോണ്‍ ചെയ്ത് ബാക്ടീരിയയില്‍ പ്രവേശിപ്പിക്കുകയാണ് ആദ്യപടി. ബാക്ടീരിയ വളരുമ്പോള്‍ ടി.എം.ഒ.എഫ്. ഉത്പാദിപ്പിക്കുന്നു. ഈ ബാക്ടീരിയയെ നിര്‍ജീവമാക്കിയ ശേഷം കൂത്താടികളുള്ള ജലാശയത്തിലേക്ക് ദ്രാവക രൂപത്തില്‍ തളിക്കാവുന്നതാണ്. കൂത്താടികളുടെ ദഹനപ്രക്രിയയില്‍ ആഹാരത്തിലുള്ള പ്രോട്ടീനെ വിഘടിപ്പിച്ച് ആഗിരണം ചെയ്യുന്നതിന് ആവശ്യമായ ഒരു രാസാഗ്‌നിയാണ് ട്രിപ്‌സിന്‍. ടി.എം.ഒ.എഫ്. പെപ്‌റ്റൈഡ് കൂത്താടിയിലെ റിസപ്റ്ററുമായി കൂടിച്ചേരുകയും അതിന്റെ ഫലമായി ട്രിപ്‌സിന്‍ ഉത്പാദനം തടസ്സപ്പെടുകയും ചെയ്യും.
കൂത്താടിയുടെ അന്നപഥത്തില്‍ വച്ച് മാത്രം പെപ്‌റ്റൈഡ് പ്രവര്‍ത്തന ക്ഷമമാവുന്ന തരത്തിലാണ് ജനിതക എന്‍ജിനീയറിങ് നടത്തിയിരിക്കുന്നത്. ട്രിപ്‌സിന്റെ അഭാവത്തില്‍ കൂത്താടിയിലെ പ്രോട്ടീന്‍ ദഹനം തടയപ്പെടുന്നതോടെ 48 മണിക്കൂറിനകം അവ നിര്‍ജീവമാകും. ഈ പ്രത്യേക റിസപ്റ്റര്‍ മറ്റു ജീവികളിലുള്ളതായി കണ്ടെത്തിയിട്ടില്ല. അതിനാല്‍ ജലാശയങ്ങളിലെ മറ്റു ജീവികളെ ഇത് ബാധിക്കില്ല.
നിലവില്‍ കൊതുക് നിയന്ത്രണത്തിന് ഉപയോഗിക്കുന്ന കീടനാശിനികള്‍ ജലാശയത്തിലെ മറ്റു ജീവികളെയും മലിനമാകുന്ന ജലസ്രോതസ്സുകള്‍ മനുഷ്യരെയും ബാധിക്കുന്നുണ്ട്. മോളിക്യുലാര്‍ ബയോളജിയില്‍ അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണില്‍ നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം പൂര്‍ത്തീകരിച്ചയാളാണ് ഡോ. കണ്ണന്‍. പുതിയ കണ്ടുപിടുത്തത്തിന് അമേരിക്കന്‍ പേറ്റന്റ് ലഭിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. വ്യാവസായികാടിസ്ഥാനത്തില്‍ ടി.എം.ഒ.എഫ്. പെപ്‌റ്റൈഡ് ഉത്പാദിപ്പിക്കാന്‍ താല്പര്യമുള്ള കമ്പനികളോ സ്റ്റാര്‍ട്ടപ്പുകളോ മുന്നോട്ട് വരുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.