
തിരൂരങ്ങാടി: പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. പാർലമെന്റ് മാതൃകയിൽ സ്ഥാനാർഥി നിർണയം, നാമനിർദേശ പത്രിക സമർപ്പണം, പ്രചാരണം, കലാശക്കൊട്ട്, വോട്ടെടുപ്പ്, ഫലപ്രഖ്യാപനം, സത്യപ്രതിജ്ഞ തുടങ്ങി യഥാർഥ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പാലിച്ച് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്ര മാതൃക ഉപയോഗപ്പെടുത്തിയായിരുന്നു തെരഞ്ഞെടുപ്പ്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DLOpOas9WojCUSboxG2rUs
സ്കൂൾ ലീഡർ, സ്പീക്കർ, വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി,കലാ കായിക മന്ത്രി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിനെ അത്യന്തം ആവേശത്തോടെയാണ് കുരുന്നുകൾ വരവേറ്റത്.
തങ്ങൾക്കനുവദിച്ച ചിഹ്നങ്ങളും കൈയ്യിലേന്തി
വോട്ടുവണ്ടിയിലേറി വോട്ട് തേടി കുട്ടി സ്ഥാനാർത്ഥികൾ പ്രചരണത്തിന് വർണ്ണപകിട്ടേകി. മുഖ്യ വരണാധികാരി പ്രധാനധ്യാപിക പി.ഷീജ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പണം നടത്തി.
തിരഞ്ഞെടുപ്പിന്റെ എല്ലാ പ്രക്രിയകൾക്കും നേതൃത്വം നൽകിയത് കുട്ടികൾ തന്നെ ആയിരുന്നു. തത്സമയം വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകരും രംഗത്തുണ്ടായിരുന്നു.
തിരിച്ചറിയൽ കാർഡ് രേഖകളുമായി നീണ്ട ക്യൂവിൽ നിന്ന് വോട്ട് ചെയ്ത കുട്ടി വോട്ടർമാരിൽ നവ്യാനുഭത്തിന്റെ സന്തോഷം പ്രകടമായിരുന്നു.
ആവേശത്തിരയിളക്കിയ പ്രചാരണത്തിനും കൊട്ടിക്കലാശത്തിനും ശേഷം നടന്ന തിരഞ്ഞെടുപ്പിൽ വിദ്യാലയത്തിലെ കുട്ടികൾ മുഴുവൻ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഇതിനിടെ കള്ളവോട്ടിനുള്ള ശ്രമം ഉദ്യോഗസ്ഥർ കയ്യോടെ പിടികൂടി. ഫലം പ്രഖ്യാപിച്ചപ്പോൾ ഷഫ്ന ഷെറിൽ സ്കൂൾ ലീഡറായും, ഫാത്തിമ ഷിഫ്ന സ്പീക്കറായും
ഹിദ നൂറ വിദ്യാഭ്യാസ മന്ത്രിയായും ശ്രിയ പത്മ
ആരോഗ്യ മന്ത്രിയായും,
ദൃശ്യ.എം കലാ കായിക വകുപ്പ് മന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു.
ജനാധിപത്യത്തിന്റെ മാറ്ററിയാനും രാഷ്ട്രീയാവബോധം വളർത്താൻ കുഞ്ഞുമനസ്സുകളെ പ്രാപ്തരാക്കുവാനും, നേതൃത്വ പാടവം വളർത്തുവാനും തെരഞ്ഞെടുപ്പിലൂടെ സാധിച്ചു. വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വിജയാഹ്ലാദത്തിന് ശേഷം സ്കൂളിലെ തിരഞ്ഞെടുപ്പ് കമ്മീഷണർ
റജുല കാവോട്ട് വിജയിച്ച സ്ഥാനാർത്ഥികൾക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. അധ്യാപകരായ
ഇ.രാധിക,പി.വി ത്വയ്യിബ,പി.സഹല,പി.കെ പ്രജിത്ത് എന്നിവർ നേതൃത്വം നൽകി.