കൂത്തുപറമ്പ് പൊലീസ് വെടിവയ്പിലെ സമരനായകന്‍ പുഷ്പന്‍ അന്തരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ (53) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്കു ശേഷം മൂന്നരയോടെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജൂലൈ 31ന് പുഷ്പനെ തലശേരി സഹകരണ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടാകാതിരുന്നതിനാല്‍ പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. നാളെ രാവിലെ എട്ടുമണിക്ക് പുഷ്പന്റെ മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരിലേക്ക് കൊണ്ടു പോകും. തുടര്‍ന്ന് നാളെ 10 .30 ന് തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം 12 മണിക്ക് മേനപ്രം രാമവിലാസം സ്‌കൂളിലും പൊതുദര്‍ശനമുണ്ടാകും. അഞ്ചുമണിക്ക് ചൊക്ലിയിലെ വീട്ടില്‍ എത്തിക്കും.

വെടിവെപ്പില്‍ പരിക്കേറ്റ ശേഷം പൂര്‍ണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങള്‍ കാരണം രണ്ടുമാസത്തില്‍ ഏറെയായി ചികിത്സയില്‍ കഴിയുകയായിരുന്നു. 94 നവംബറിലാണ് കൂത്തുപറമ്പില്‍ എം വി രാഘവനെതിരെ നടന്ന പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പില്‍ അഞ്ചു പേര്‍ മരിച്ചിരുന്നു.

കര്‍ഷക തൊഴിലാളി കുടുംബത്തില്‍ പിറന്ന പുഷ്പന് എട്ടാം ക്‌ളാസ് വരെ മാത്രമായിരുന്നു ഔപചാരിക വിദ്യാഭ്യാസം. നാട്ടില്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന പുഷ്പന്‍, കുടുംബം പുലര്‍ത്താനായി ബംഗളൂരുവിലേക്ക് വണ്ടി കയറി. അവിടെ പലചരക്ക് കടയിലായിരുന്നു ജോലി. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ സ്വാശ്രയ കോളജ് വിരുദ്ധ സമരം കേരളത്തില്‍ ആളിക്കത്തുകയാണ്. പുഷ്പനും അതിന്റെ ഭാഗമായി. അങ്ങനെയാണ് 1994 നവംബര്‍25 വെളളിയാഴ്ച കൂത്തുപറമ്പില്‍ എംവി രാഘവനെ തടയാനുളള സമരത്തിന്റെ ഭാഗമാകുന്നത്.

കൂത്തുപറമ്പില്‍ അര്‍ബന്‍ ബാങ്ക് സായാഹ്ന ശാഖ ഉദ്ഘാടനത്തിനെത്തിയതായിരുന്നു സഹകരണ മന്ത്രിയായിരുന്ന എംവി രാഘവന്‍. ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ടിയിരുന്ന മന്ത്രി എന്‍ രാമകൃഷ്ണന്‍, സംഘര്‍ഷ സാധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ചടങ്ങില്‍ നിന്ന് പിന്‍മാറിയെങ്കിലും രാഘവന്‍ ഉറച്ച് നിന്നു. രാഘവനെ തടയാനായി കൂത്തുപറമ്പിലും പരിസര പ്രദേശങ്ങളിലുമായി രണ്ടായിരത്തോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഒടുവില്‍ മന്ത്രി രാഘവനെത്തിയപ്പോഴേക്കും പ്രവര്‍ത്തകര്‍ ഇരച്ചെത്തി, പൊലീസ് ലാത്തിച്ചാര്‍ജ് തുടങ്ങിയതിനു പിന്നാലെ പ്രവര്‍ത്തകര്‍ കല്ലേറ് തുടങ്ങി.

ഇതോടെയാണ് പൊലീസ് വെടിവയ്പ്പ് ഉണ്ടായത്. പൊലീസ് നടത്തിയ രണ്ട് ഘട്ടമായി നടത്തിയ വെടിവെയ്പ്പില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് കെകെ രാജീവന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി റോഷന്‍, പ്രവര്‍ത്തകരായ ഷിബുലാല്‍, മധു, ബാബു എന്നിവര്‍ മരിച്ചു വീണു. കഴുത്തിന് പിന്നിലേറ്റ വെടിയുണ്ട പുഷ്പന്റെ സുഷുമ്‌ന നാഡിയിലാണ് പ്രഹരമേല്‍പ്പിച്ചത്. കഴുത്തിന് താഴേക്ക് തളര്‍ന്ന പുഷ്പന്‍ അന്ന് മുതല്‍ കിടപ്പിലായിരുന്നു പാര്‍ട്ടിയുടെ വലയത്തിലായിരുന്നു പിന്നിടുളള ജീവിതം.

കൂത്തുപറമ്പ് വെടിവയ്പ്പില്‍ പാര്‍ട്ടി പ്രതി സ്ഥാനത്തു നിര്‍ത്തിയ എംവിആറിനെ രണ്ടു പതിറ്റാണ്ടിനു ശേഷം രാഷ്ട്രീയ ആലിംഗനം ചെയ്യുന്നതും കേരളം കണ്ടു. എംവിആറിന്റെ മകന് നിയമസഭാ സീറ്റും പിന്നീട് പാര്‍ട്ടി പദവിയും നല്‍കി. എന്നാല്‍ പാര്‍ട്ടിക്കപ്പുറം ഒരു വാക്കില്ലാത്ത പുഷ്പന്‍ ഒരു എതിര്‍ശബ്ദവും ഉയര്‍ത്തിയില്ല. വെടിവയ്പ്പിന് കാരണമായ സ്വാശ്രയ കോളേജുകളുടെ കാര്യത്തില്‍ സിപിഎം നിലപാട് മാറ്റുന്നതും പുഷ്പന്‍ കണ്ടു. അപ്പോഴും ഒരു എതിര്‍ ശബ്ദവും ഉയര്‍ത്താതെ പുഷ്പന്‍. അടിയുറച്ച പാര്‍ട്ടിക്കാരനായി തന്നെ തുടര്‍ന്നു. അതുകൊണ്ടു തന്നെ പുഷ്പന്റെ ചരിത്രം പാട്ടുകളായും പ്രസംഗങ്ങളായും പാര്‍ട്ടി വേദികളില്‍ ആഘോഷിക്കപ്പെടുകയാണ്.

പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങള്‍: ശശി, രാജന്‍, പ്രകാശന്‍, ജാനു, അജിത. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പുഷ്പന്റെ സഹോദരന്‍ പ്രകാശനു സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു.

error: Content is protected !!