തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഉള്‍പ്പെടെ വിജിലന്‍സ് അന്വേഷണം നേരിടുന്ന ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും പി വി അന്‍വര്‍ എംഎല്‍എ. അജിത് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചെന്നും ഇതിന്റെ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നും അന്‍വര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സോളാര്‍ കേസ് അട്ടിമറിക്കാന്‍ എം ആര്‍ അജിത് കുമാര്‍ ശ്രമിച്ചിരുന്നുവെന്നും ഇതിന് കൈക്കൂലിപ്പണം വാങ്ങിയത് ഫ്‌ലാറ്റിടപാടിലൂടെയാണ്. കവടിയാറിലെ വീട് കൂടാതെ വേറെ 3 വീടുകള്‍ അജിത് കുമാറിനുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു.
സോളാര്‍ കേസ് അട്ടിമറിക്കാന്‍ എം ആര്‍ അജിത് കുമാര്‍ ശ്രമിച്ചിരുന്നു. ഇതിനായി വലിയൊരു തുക പ്രതികളില്‍ നിന്ന് കൈപറ്റി. എങ്ങനെ ആണ് ഒരു പൊലീസ് ഓഫീസര്‍ കള്ളപ്പണം വെളുപ്പിക്കുന്നത് എന്നതിന്റെ നേര്‍ രേഖ കൈവശമുണ്ട്. സോളാറില്‍ കൈക്കൂലിപ്പണം വാങ്ങിയത് ഫ്‌ലാറ്റിടപാടിലൂടെയാണ്. 2016 ല്‍ പട്ടം എസ് ആര്‍ ഒയില്‍ 33.8 ലക്ഷം രൂപയ്ക്ക് കവടിയാറില്‍ അജിത് കുമാര്‍ ഒരു ഫ്‌ലാറ്റ് വാങ്ങി. സ്വന്തം പേരില്‍ 2016 ഫെബ്രുവരി19 നാണ് ഫ്‌ലാറ്റ് വാങ്ങിയത്. കൃത്യം പത്ത് ദിവസം കഴിഞ്ഞ് ഫെബ്രുവരി 29 ന് 65 ലക്ഷം രൂപയ്ക്ക് ഈ ഫ്‌ലാറ്റ് വിറ്റു. 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റാണ് 10 ദിവസത്തിന് ശേഷം 65 ലക്ഷത്തിന് വിറ്റത്. ഈ ഇടപാടുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.
റെക്കോര്‍ഡ് പ്രകാരം 33 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്‌ലാറ്റ് ഇത്രയും രൂപയ്ക്ക് മറിച്ച് വിളിക്കണമെങ്കില്‍ പണം എവിടുന്ന് കിട്ടി. ഈ പണം സോളാര്‍ കേസിന് കിട്ടിയ കൈകൂലിയാണ്. കള്ള പണം വെളുപ്പിക്കലാണ് ഇടപാടിലൂടെ നടന്നത്. ഈ 10 ദിവസത്തിന് ഇടയില്‍ ഇതെല്ലാം എങ്ങനെ നടന്നുവെന്ന് അന്വേഷിക്കണം. വലിയ നികുതി വെട്ടിപ്പ് ഇടപാടില്‍ നടന്നിട്ടുണ്ട്. 55 ലക്ഷം രൂപ വിലയുളള ഫ്‌ലാറ്റ് എങ്ങനെ അജിത് കുമാറിന് എങ്ങനെ 33 ലക്ഷം രൂപ കിട്ടിയെന്ന് അന്വേഷിക്കണം. രേഖകള്‍ പ്രകാരം 407,000 രൂപയുടെ അഴിമതി സ്റ്റാമ്പ് ഡ്യൂട്ടിയില്‍ മാത്രം നടത്തിയിട്ടുണ്ട്. ഇതും വിജിലന്‍സ് അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി ജി പിക്കും ഉടന്‍ പരാതി നല്‍കുമെന്നും അന്‍വര്‍ വ്യക്തമാക്കി. അജിത് കുമാറിന്റെ വിദേശ യാത്രകളെ കുറിച്ചുള്ള രേഖകളും വിവരാവകാശം പ്രകാരം ശേഖരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.