എഡിജിപി – ആര്‍എസ്എസ് കൂടികാഴ്ച ; ഒടുവില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍ ; പ്രഖ്യാപനം ആരോപണം ഉയര്‍ന്ന് 20 ദിവസത്തിന് ശേഷം

തിരുവനന്തപുരം : എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ ഒടുവില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഡിജിപിയോട് അന്വേഷിക്കാനാണ് ഉത്തരവ്. കൂടിക്കാഴ്ചയെ കുറച്ച് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ച് 20 ദിവസം കഴിഞ്ഞാണ് അന്വേഷണം പ്രഖ്യാപിക്കുന്നത്. സംഭവത്തില്‍ എഡിജിപിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കാന്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം ആര്‍ എസ് എസ് നേതാവ് എ. ജയകുമാറിന് നോട്ടീസ് നല്‍കി.

ദത്താത്രേയ ഹൊസബളെ – എ ഡി ജി പി കുടിക്കാഴ്ചയിലെ സാക്ഷിയെന്ന നിലയിലാണ് ആര്‍ എസ് എസ് നേതാവ് എ. ജയകുമാറിന് നോട്ടീസ് അയച്ചിരിക്കുന്നത്. ആഴ്ചകളായി രാഷ്ട്രീയകേരളത്തെ ഇളക്കിമറിക്കുന്ന എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ചയിലാണ് ഒടുവില്‍ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. എഡിജിപിയെ മാറ്റണമെന്ന് പ്രതിപക്ഷം മാത്രമല്ല എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ അടക്കമുള്ള ഘടകകക്ഷികളും ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണം നടക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞതല്ലാതെ ഉത്തരവോ നിര്‍ദ്ദേശമോ വന്നില്ല. അന്‍വറിന്റെ പരാതിയിലെ ഡിജിപി തല അന്വേഷണം മാത്രമായിരുന്നു നടക്കുന്നത്.

2023 മെയ് 22 നാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. 2023 ജൂണ്‍ 2 ന് റാം മാധവുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്ത് ദിവസത്തെ ഇടവേളയിലാണ് കൂടിക്കാഴ്ചകള്‍ നടന്നത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ അജിത് കുമാര്‍ സന്ദര്‍ശിച്ചതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതും കൈമനം ജയകുമാറാണ്. സുഹൃത്തിന്റെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്ക് അജിത് കുമാര്‍ വിശദീകരണം നല്‍കിയിരുന്നത്.

error: Content is protected !!