തിരുവല്ല : ഏപ്രില്‍ അവസാനമായിട്ടും മാറി നിന്ന മഴ പെയ്തിറങ്ങിയത് 2 മണിക്കൂറോളം. തിരുവല്ല- മല്ലപ്പള്ളി താലൂക്കില്‍ ഇന്നലെ വൈകിട്ട്. 5.10ന് തുടങ്ങിയ മഴ രാത്രിയായിട്ടും തുള്ളി വിട്ടുകൊണ്ടിരുന്നു. മല്ലപ്പള്ളി താലൂക്കിലെ കുന്നന്താനത്ത് 7 സെന്റി മീറ്റര്‍ മഴ ലഭിച്ചു. കനത്ത മഴയാണ് ഇവിടെ ഉണ്ടായത്. തിരുവല്ല താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ 5.9 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തി.40 ഡിഗ്രി എത്തിയ ചൂടുമൂലം തെങ്ങിന്‍ തൈകള്‍ ഉള്‍പ്പെടെ വാടിക്കരിഞ്ഞിരുന്നു.
പത്താമുദയം കഴിഞ്ഞിട്ടും തൈകള്‍ വയ്ക്കാന്‍ കഴിഞ്ഞിരുന്നുമില്ല. ഇന്നലെ എത്തിയ മഴയോടെ കര്‍ഷകര്‍ക്ക് തെല്ല് ആശ്വാസമായി. വറ്റി വരണ്ട കിണറുകളിലും ജലാശയങ്ങളിലും അല്‍പം വെള്ളം ലഭ്യമായിട്ടുണ്ട്. 2 മൂന്ന് ദിവസങ്ങള്‍ കൂടി വേനല്‍മഴ ലഭ്യമായാല്‍ ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകും.
എന്നാല്‍ തുടര്‍ച്ചയായി വേനല്‍മഴ ഉണ്ടായാല്‍ അപ്പര്‍കുട്ടനാടന്‍ കര്‍ഷകര്‍ക്ക് അത് ദുരിതമാകും. അപ്പര്‍കുട്ടനാട്ടില്‍ കൊയ്യാറായ പാടശേഖരങ്ങള്‍ നിരവധിയാണ്.പാടത്ത് വെള്ളം കിടന്നാല്‍ കൊയ്ത്ത് യന്ത്രം ഇറക്കാന്‍ കഴിയാതെ വരും. നെല്ല് വീണു കിടന്നാല്‍ കൊയ്തെടുക്കുമ്പോള്‍ നഷ്ടപ്പെടുകയും ചെയ്യും. കൊയ്യാനുള്ള സമയവും കൂടും. ഒരു മണിക്കൂറിനു പകരം രണ്ടു മണിക്കൂര്‍ വേണ്ടിവരും ഇതു കര്‍ഷകര്‍ക്ക് അധിക ചെലവ് വരുത്തും. കൊയ്യാന്‍ താമസിച്ചാല്‍ തമിഴ്നാട്ടില്‍ നിന്നു വന്ന കൊയ്ത്ത് യന്ത്രങ്ങള്‍ തിരികെ പോകുകയും ചെയ്യും.