സ്‌കൂളില്‍ നിന്നും അരി കടത്തിയ സംഭവം ; അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ

മലപ്പുറം: മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും അരി കടത്തിയ സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ. അരി കടത്തിയ സംഭവത്തിലുണ്ടായ സാമ്പത്തിക നഷ്ടം കുറ്റക്കാരായ അധ്യാപകരില്‍ നിന്നും ഈടാക്കാനും ധനകാര്യ പരിശോധന വിഭാഗം ശുപാര്‍ശ ചെയ്തു. കുറ്റക്കാരായ അധ്യാപകരില്‍ നിന്ന് 2.88ലക്ഷം രൂപ ഈടാക്കണമെന്നാണ് നിര്‍ദേശം. ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെ കുറ്റക്കാരായ നാല് അധ്യാപകര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും ശുപാര്‍ശയുണ്ട്. ഇവരില്‍ നിന്നാണ് തുക ഈടാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സ്‌കൂളിലെ 7737 കിലോ അരി കടത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഗുരുതരമായ കുറ്റമാണിതെന്നും അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ നടപടി ഉള്‍പ്പെടെ വേണമെന്നുമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ നാലു അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

error: Content is protected !!