മലപ്പുറം : ഇസ്ലാമിക വിശ്വാസങ്ങളെയും സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശങ്ങളെയും തള്ളിപ്പറഞ്ഞും സമസ്തയുടെ നിലനില്പിനെ ചോദ്യം ചെയ്തും സുന്നീ സ്ഥാപനങ്ങളെയും നേതാക്കളെയും പണ്ഡിതന്മാരെയും മോശമായി ചിത്രീകരിച്ചും പുത്തന്‍ പ്രസ്ഥാന ബന്ധം ആരോപിച്ചും ജല്‍പനങ്ങള്‍ നടത്തുന്ന പ്രഭാഷകരെ പൊതുസമൂഹം തള്ളിക്കളയണമെന്ന് എസ്.എം.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ പഠന ക്ലാസ്സുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സമസ്ത സ്ഥാപനങ്ങള്‍ക്കും പണ്ഡിതന്മാര്‍ക്കുമെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നതും നവീനാശയ ബന്ധങ്ങള്‍ ആരോപിക്കുന്നതും അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരികയാണ് . അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങള്‍ പരിശുദ്ധ ഇസ്്‌ലാമിന്റെയും സുന്നത്ത് ജമാഅത്തിന്റെയും ശത്രുക്കള്‍ക്ക് അവസരം നല്‍കുന്നതാണെന്നും ദീനീ പ്രബോധന രംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സമസ്തയെയും സ്ഥാപനങ്ങളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും സമൂഹ മധ്യത്തില്‍ ഇല്ലായ്മ ചെയ്യാനും സഹായിക്കുന്നതാണെന്നും അത്തരം പ്രഭാഷകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും അവരെ പൊതു വേദിയില്‍ നിന്നകറ്റണമെന്നും യോഗം അഭിപ്രായപ്പെട്ടു.
സമുദായത്തിലും സംഘടനകളിലും ചേരിതിരിവുണ്ടാക്കുന്ന തരത്തിലുള്ള പ്രഭാഷണങ്ങളും പ്രചരണങ്ങളും ഏത് തരത്തിലായാലും അത് അനുചിതമാണെന്നും ഇസ്്‌ലാമിനെതിരില്‍ വെല്ലുവിളികളേറെയുള്ള ഈ സമയത്ത്് സമുദായത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും യോഗം വിലയിരുത്തി. എസ്.എം.എഫ് നിര്‍ദേശിക്കുന്ന മഹല്ല് ശാക്തീകരണ പദ്ധതികള്‍ നടപ്പിലാക്കി സാംസ്‌കാരികമായും ധാര്‍മ്മികമായും വൈജ്ഞാനികമായും സമൂഹത്തെ ഉന്നതിയിലെത്തിക്കാനുള്ള മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുഴുവന്‍ മഹല്ല് ജമാഅത്തുകളും തയ്യാറാകണമെന്നും വിവാഹത്തോടനുബന്ധമായി നടക്കുന്ന ആഭാസങ്ങള്‍ നിയന്ത്രിക്കുന്നതിന് ദര്‍ശനം 24 മഹല്ല് ബഹുജന കണ്‍വെന്‍ഷനുകള്‍ വിളിച്ച് ചേര്‍ത്ത് ഉല്‍ബോധന പരിപാടികള്‍ നടത്തണമെന്നും മഹല്ല് ജമാഅത്തുകളോട് യോഗം നിര്‍ദേശിച്ചു. വര്‍ക്കിംഗ് പ്രസിഡണ്ട് കെ.എ റഹ്‌മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി ചെമ്മാട് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറിമാര്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി.