പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം ഫിഷറീസ് കോളനി നവീകരണവുമായി ബന്ധപ്പെട്ട നടപടികള്‍ നടന്നുവരികയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ അറിയിച്ചു. കെ.പി.എ മജീദ് എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പരപ്പനങ്ങാടി നഗരസഭയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തില്‍ സംയുക്ത ഭൗതികപരിശോധന പൂര്‍ത്തിയായി. ഫിഷറീസ്, റവന്യൂ, ഹാര്‍ബര്‍ എഞ്ചിനീയറിങ്, പരപ്പനങ്ങാടി നഗരസഭ എഞ്ചിനീയറിങ് എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് നിലവില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കോളനി നിവാസികളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള ഫ്‌ളാറ്റ് അല്ലെങ്കില്‍ വീട് നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഈ എസ്റ്റിമേറ്റ് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.