കേടായ ഫോൺ നന്നാക്കാൻ കൊടുത്തു; അക്കൗണ്ടിൽ നിന്ന് 2 ലക്ഷം രൂപ നഷ്ടപ്പെട്ടു

മുംബൈ: നന്നാക്കാനായി ഫോൺ കടയിലേൽപ്പിച്ച യുവാവിന്‍റെ ബാങ്ക് അക്കൗണ്ടിൽനിന്ന് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടു. സക്കിനാക്ക സ്വദേശിയായ പങ്കജ് കദത്തിനാണ് പണം നഷ്ടപ്പെട്ടത്. മൊബൈൽ കടയിലെ ജീവനക്കാരൻ ബാങ്ക് അകൗണ്ടിൽനിന്ന് ഓൺലൈനായി പണം പിൻവലിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഒക്ടോബർ ഏഴിന് ഫോണിന്‍റെ സ്പീക്കർ തകരാറിലായതിനെ തുടർന്ന് നന്നാക്കാൻ പ്രദേശത്തെ മൊബൈൽ കടയിൽ നൽകുകയായിരുന്നു. തകരാർ പരിഹരിച്ച് പിറ്റേന്ന് ഫോൺ നൽകാമെന്ന് പറഞ്ഞ ജീവനക്കാരൻ ഫോണിൽ നിന്ന് സിം ഊരിമാറ്റരുതെന്നും നിർദേശിച്ചു.

എന്നാൽ, പങ്കജ് ഫോൺ തിരികെ വാങ്ങാൻ ചെന്നപ്പോൾ കട അടഞ്ഞു കിടക്കുകയായിരുന്നു. മൂന്നു ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ 11ന് കട തുറന്നപ്പോൾ പുതിയ ജീവനക്കാരനായിരുന്നു കടയിൽ ഉണ്ടായിരുന്നതെന്നും ഫോൺ ആവശ്യപ്പെട്ടപ്പോൾ ഒഴികഴിവ് പറഞ്ഞ് പറഞ്ഞയക്കുകയായിരുന്നെന്നും പങ്കജിന്‍റെ പരാതിയിൽ പറയുന്നു.
ജീവനക്കാരന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പങ്കജ് സുഹൃത്തിന്‍റെ ഫോണിൽ നിന്നും തന്‍റെ ബാങ്ക് ബാലൻസ് പരിശോധിച്ചു. ഇതോടെ തന്‍റെ അക്കൗണ്ടിൽനിന്ന് 2.2 ലക്ഷം രൂപ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് അയച്ചതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് പങ്കജ് പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

error: Content is protected !!