
ഭാവിയിൽ ഐ.എസ്.ആർ.ഒ ‘ഭരിക്കുന്ന’ ഗവേഷകരെ കാണണമെങ്കിൽ വേറെയെവിടേയും പോവേണ്ട, കോട്ടക്കുന്നിൽ വന്നാൽ മതി. ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിലെ സ്റ്റാളിലാണ് കുഞ്ഞു ഗവേഷകരുടെ പരീക്ഷണങ്ങൾ. വടക്കുമ്പ്രം ജി.എൽ.പി സ്‌കൂളിലെ ഒന്നാം ക്ലാസിൽ പഠിക്കുന്ന എ.കെ നാസിഹ, സി.കെ മുഹമ്മദ് ഹനാൻ, എം. ഷിജിയ ഫർഹ എന്നീ കുട്ടികളാണ് പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ എങ്ങനെ ചെയ്യാം എന്ന് കാണിക്കുന്നത്.
വിദ്യാർഥികൾ തന്നെ ഉണ്ടാക്കിയ 69 പരീക്ഷണങ്ങളടങ്ങിയ പുസ്തക പ്രദർശനത്തോടൊപ്പം മികച്ച അവതരണമാണ് കുഞ്ഞു ഗവേഷകരിൽ സന്ദർശകരെ ആകർഷിക്കുന്നത്. കുഞ്ഞു ശസ്ത്രജ്ഞരെ വളർത്തിയെടുക്കാൻ ‘ലിറ്റിൽ സയന്റിസ്റ്റ്’ എന്ന സ്‌കൂളിന്റെ തനത് പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇവർ എന്റെ കേരളം പ്രദർശന വിപണന മേളയിൽ എത്തിയത്.
സെൻസർ ഉപയോഗിച്ച് മഴ പെയ്യുമ്പോൾ തുണികൾ നനയാതെയും വെയിൽ അടിക്കുമ്പോൾ തുണികൾ ഉണക്കാനും സാധിക്കുന്ന കണ്ടുപിടിത്തവും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. മാറാങ്കര എ.യു.പി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി തീർഥ പ്രദർശന മേളയിൽ എത്തിയത്. അധ്യാപകരായ മാതാപിതാക്കളുടെ പിന്തുണയോടു കൂടി നിർമ്മിച്ച തീർഥയുടെ ഈ കൊച്ചു കണ്ടുപിടുത്തം 2025 ഇൻസ്‌പെയർ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.