കോവിഡ് വ്യാപനത്തെ തുടർന്ന് ഞായറാഴ്ച ഏർപ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണം തുടരാൻ കോവിഡ് അവലോകന യോഗ തീരുമാനം. എന്നാൽ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്കായി 20 പേർക്ക് പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരുടെ ആവശ്യത്തെ തുടർന്നാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ട ‘സി’ കാറ്റഗറിയിൽ ഈ ആഴ്ച കൊല്ലം ജില്ല മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. ബി കാറ്റഗറിയിൽ 10 ജില്ലകളുണ്ട്. എ കാറ്റഗറിയിൽ മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഉൾപ്പെട്ടിട്ടുള്ളത്. കാസർകോട് ജില്ല ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ തരംതിരിച്ചിരിക്കുന്നത്.
നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതി. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്കവിലക്ക് ആവശ്യമുള്ളൂ. അന്താരാഷ്ട്ര യാത്രികര്‍ യാത്ര കഴിഞ്ഞതിന്‍റെ എട്ടാമത്തെ ദിവസം ആര്‍.ടി.പി.സി.ആര്‍. ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു. എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ല. പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദ്ദേശിച്ചു.
എല്ലാ ആരാധനാലയങ്ങളിലും പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണത്തില്‍ ഏകീകൃത നില സ്വീകരിക്കും. പരമാവധി 20 പേരെ അനുവദിക്കും. നിയന്ത്രണങ്ങളുള്ള ഫെബ്രുവരി 6 ഞായറാഴ്ചയിലും ഇത് ബാധകമാണ്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ക്ഷേത്രപരിസരത്ത് 200 പേരെ അനുവദിക്കും. ഈ വര്‍ഷവും പൊങ്കാലയിടുന്നത് വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം.
സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിനേഷന്‍ 85 ശതമാനവും കുട്ടികളുടെ വാക്സിനേഷന്‍ 72 ശതമാനവും പൂര്‍ത്തീകരിച്ചു.