Monday, October 13

റിയാദ് നന്നമ്പ്ര പഞ്ചായത്ത് കെഎംസിസി റിലീഫ് വിതരണം ബുധനാഴ്ച

തിരൂരങ്ങാടി: അശണരര്‍ക്ക് അത്താണിയായി പ്രവര്‍ത്തിക്കുന്ന റിയാദ് നന്നമ്പ്ര പഞ്ചായത്ത് കെ.എം.സി.സി റമസാന്‍ റിലീഫ് വിതരണം ബുധനാഴ്ച്ച നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 27-ന് രാവിലെ പത്ത് മണിക്ക് ചെറുമുക്ക് വെസ്റ്റ് ഖാഇദെ മില്ലത്ത് സൗധത്തില്‍ നടക്കുന്ന പരിപാടി മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.എം.എ സലാം, സൗദി നാഷ്ണല്‍ കെഎം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി എന്നിവരും പങ്കെടുക്കും.
കനിവ് തേടുന്നവര്‍ക്ക് മുന്നില്‍ വറ്റാത്ത നീരുറവയായ് കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റിയാദ് നന്നമ്പ്ര പഞ്ചായത്ത് കെ.എം.സി.സിയുടെ ഈ വര്‍ഷത്തെ റമസാന്‍ റലീഫ് വിതരണമാണ് ബുധനാഴ്ച്ച നടക്കുന്നത്. പാവപ്പെട്ട രോഗികള്‍, വിധവകള്‍, വീട് നിര്‍മ്മാണത്തിന് പ്രയാസം അനുഭവിക്കുന്നവര്‍, യത്തീം കുട്ടികള്‍, അങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുസാഅദ റിലീഫ് സെല്ലിന് രൂപം നല്‍കുകയും അതിന്റെ കീഴില്‍ കൂടിയാണ് ഈ റിലീഫ് വിതറണം നടക്കുന്നത്. വര്‍ഷത്തില്‍ 12 ലക്ഷത്തിലതികം രൂപയുടെ റിലീഫ് നടത്തുന്ന കമ്മിറ്റി വിധവകള്‍ക്ക് മാസാന്ത പെന്‍ഷന്‍, യത്തീം കുട്ടികള്‍ക്ക് മാസാന്ത ധനസഹായം, നിരവധി ബൈത്തുറഹ്മകള്‍, നിരവധി വീടുകള്‍ക്കുള്ള സഹായം എന്നിവ ചെയ്തു വരുന്നുണ്ട്.
നാളെ നടക്കുന്ന ചടങ്ങില്‍ പഞ്ചായത്തിലെ 21 വാര്‍ഡുകളില്‍ നിന്നായി തെരഞ്ഞെടുത്ത 110 രോഗികള്‍ക്കുള്ള ധനസഹായം അതത് വാര്‍ഡ് മുസ്്‌ലിംലീഗ് കമ്മിറ്റികള്‍ക്ക് കൈമാറും. ഒപ്പം അഞ്ച് വീട് നിര്‍മ്മാണത്തിനുള്ള സഹായവും ചടങ്ങില്‍ കൈമാറുന്നുണ്ട്. ഫിര്‍ദൗസ് ചെറുമുക്ക് പ്രസിഡന്റായും ഖാലിദ് കാളംതിരുത്തി ജനറല്‍ സെക്രട്ടറിയായും യൂനുസ് പത്തൂര്‍ ട്രഷററുമായുമുള്ള കമ്മിറ്റിയാണ് റിയാദില്‍ നന്നമ്പ്ര പഞ്ചായത്ത് കെഎംസിസിയെ നയിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഒ.കെ മുഹമ്മദ് കുട്ടി, അലി തെയ്യാല, അബ്ദുസ്സമദ് കൊടിഞ്ഞി, അബ്ദുറഹ്മാന്‍ നെച്ചിക്കാട്ട് എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!