മലപ്പുറം : പുതിയ അധ്യായന വർഷത്തിന് മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി. കൊണ്ടോട്ടി സബ് ആർ ടി ഒ ഓഫീസിന് കീഴിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന ചിറയിൽ ചുങ്കത്തെ ടെസ്റ്റ് ഗ്രൗണ്ടിൽ ആരംഭിച്ചു.
വാഹനത്തിന്റെ രേഖകൾ, ടയർ, വൈപ്പർ, ഹെഡ്‌ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, സ്‌കൂൾ ബസിന്റെ വിൻഡോ ഷട്ടർ, ജി പി എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ്, ഇൻഡിക്കേറ്റർ എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ഓരോ വാഹനവും ഉദ്യോഗസ്ഥർ തന്നെ ഓടിച്ചുനോക്കി യാന്ത്രിക ക്ഷമത ഉറപ്പുവരുത്തുന്നുണ്ട്.
വാഹനത്തിനകത്തെ യാത്രാ സൗകര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 168 സ്‌കൂൾ വാഹനങ്ങളാണ് എത്തിയത്. പരിശോധന പൂർത്തിയാക്കിയ സ്‌കൂൾ വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർ ‘ചെക്ക്ഡ് ഒക്കെ സ്റ്റിക്കർ’ പതിച്ച് കൊടുത്തു. വേഗപ്പൂട്ട്, ജി പി എസ് ടയർ, ബ്രേക്ക് എന്നിവയിൽ തകരാർ കണ്ടെത്തിയ 74 സ്‌കൂൾ ബസുകൾ അധികൃതർ തിരിച്ചയച്ചു. ഇവ അറ്റകുറ്റപണികൾക്ക് ശേഷം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കാൻ നിർദേശിച്ചു.
കൊണ്ടോട്ടി ജോയിന്റ് ആർ ടി ഒ. എം അൻവർ, എം വി ഐ. കെ ബി ബിജീഷ്. എ എം വി ഐമാരായ കെ ആർ റഫീഖ്, കെ ഡിവിൻ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ പരിശോധിച്ചത്.
സ്‌കൂൾ ബസുകൾ ഫിറ്റ്‌നസ് പരിശോധനയ്ക്കായി കൊണ്ടുവരുമ്പോൾ പുതിയ ടയറും വേഗപ്പൂട്ടും യന്ത്ര ഭാഗങ്ങളും സ്ഥാപിക്കുകയും പരിശോധനയ്ക്കുശേഷം അവ നീക്കം ചെയ്ത് ഓടിക്കുകയും ചെയ്യുന്നത് തടയാൻ ഇടവേളകളിൽ പരിശോധന നടത്തുമെന്ന് ജോയിന്റ് ആർ ടി ഒ. എം അൻവർ പറഞ്ഞു.
ഫിറ്റ്‌നസ് പരിശോധന പൂർത്തിയാകാത്ത ഒരു സ്‌കൂൾ വാഹനവും നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും അധ്യയന വർഷം ആരംഭിക്കുന്ന ദിവസം മുതൽ തന്നെ പരിശോധന കർശനമാക്കുമെന്നും വീഴ്ച വരുത്തുന്ന സ്‌കൂൾ വാഹനങ്ങൾക്കെതിരെയും സ്‌കൂൾ അധികൃതർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.