
ആലപ്പുഴ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി സമസ്ത നടപ്പിലാക്കുന്ന വിദ്യാഭ്യാസ,സാമൂഹിക, ജീവകാരുണ്യ പദ്ധതി നടത്തിപ്പിനായി സമസ്ത നടത്തുന്ന ക്രൗഡ് ഫണ്ടിംങ് ഈ മാസം 28 മുതൽ ആരംഭിക്കും. ഓൺലൈൻ ഫണ്ട് ശേഖരണത്തിനായി സമസ്ത തയ്യാറാക്കിയ ‘തഹിയ്യ മൊബൈൽ ആപ്പ്’ ലോഞ്ചിംഗ് സെപ്റ്റംബർ 27-ന് കോഴിക്കോട് വെച്ച് നടക്കും.
സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ കീഴിൽ തമിഴ്‌നാട്ടിൽ നടപ്പിലാക്കുന്ന പ്രത്യേക വിദ്യാഭ്യാസ പദ്ധതികളും, ‘കൈത്താങ്ങ് 2025’, ഇന്റർനാഷണൽ ഹെറിറ്റേജ് മ്യൂസിയം, റിഹാബിലിറ്റേഷൻ സെന്റർ, മെഡിക്കൽ കെയർ സെന്റർ, ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ്, വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലുകൾ, നൂറ് പുസ്തകങ്ങൾ, സുവനീർ, മറ്റ് പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ പദ്ധതികളാണ് സമസ്ത മുന്നോട്ട് വെക്കുന്നത്.
പദ്ധതികളെ പരിചയപ്പെടുത്തുന്നതിനായും, പഠന ക്യാമ്പ് പ്രതിനിധികൾക്കുള്ള രജിട്രേഷൻ ഫോറം വിതരണം ചെയ്യുന്നതിനായും സംസ്ഥാനത്തിൻ്റെ അഞ്ച് മേഖലകളിൽ റെയ്ഞ്ച് സെക്രട്ടറിമാരെ പങ്കെടുപ്പിച്ച് നടത്തുന്ന മേഖല സഞ്ചാരത്തിന് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ തുടക്കമായി. ഇന്ന് മലപ്പുറം വെസ്റ്റ് , തൃശൂർ ജില്ലകളിലെ റെയ്ഞ്ച് സെക്രട്ടറിമാരെ പങ്കെടുപ്പിച്ച് ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിലും, കോഴിക്കോട്, വയനാട്, കണ്ണൂർ, കൊടക് ജില്ലകളിലെ സെക്രട്ടറിമാരെ പങ്കെടുപ്പിച്ച് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിലും രാവിലെ 11 മണിക്ക് മേഖല സഞ്ചാരം പരിപാടികൾ നടക്കും. സെപ്തംബർ 20 ന് കാസർഗോഡ്, മംഗലാപുരം , ദക്ഷിണ കന്നട, ബാംഗ്ലൂർ എന്നിവിടങ്ങളിലെ റെയ്ഞ്ച് സെക്രട്ടറിമാരുടെ സംഗമം കാസർകോട് കുമ്പള ഇമാം ശാഫി അക്കാദമിയിൽ ഉച്ചക്ക് 2 മണിക്കും, മലപ്പുറം ഈസ്റ്റ്, പാലക്കാട്, നീലഗിരി ജില്ലകളിലെ സെക്രട്ടറിമാരുടെ സംഗമം 23 ന് രാവിലെ 11 ന് പെരിന്തൽമണ്ണ മീറാസുൽ അമ്പിയാ മദ്റസയിലും നടക്കും.
ആലപ്പുഴ എസ്.എ.ബി.ടി മദ്റസ ഓഡിറ്റോറിയത്തിൽ നടന്ന മേഖല സഞ്ചാരം പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറാംഗം അബ്ദുറഹ്മാൻ ഫൈസി അരിപ്ര അധ്യക്ഷത വഹിച്ചു. മുസ്തഫ അഷ്റഫി കക്കുപടി, യൂനുസ് ഫൈസി വെട്ടുപാറ വിഷയാവതരണം നടത്തി. സയ്യിദ് അബ്ദുല്ല തങ്ങൾ, പി.എ ശിഹാബുദ്ദീൻ മുസ്‌ലിയാർ, ഇസ്മായിൽ ഫൈസി എറണാകുളം, പീർ മുഹമ്മദ് ഹിശാമി തിരുവനന്തപുരം, ഷാജഹാൻ അമാനി കൊല്ലം, ഒ.എം ശരീഫ് ദാരിമി, സയ്യിദ് ത്വാഹ ജിഫ്രി കൊളത്തൂർ, അബ്ദുൽ കരീം മുസ്ലിയാർ ഇടുക്കി, ശഫീഖ് റഹ്മാനി ചേലേമ്പ്ര, നവാസ് ആലത്തൂർ, എ.എം സുധീർ മുസ്ലിയാർ, ടി. എച്ച് ജാഫർ മുസ്ലിയാർ ആലപ്പുഴ സംസാരിച്ചു