സമസ്തയുടെ സഞ്ചാരം ശരിയായ റൂട്ടില്‍; ‘അച്ചാര്‍’ സംസ്കാരം കൊണ്ടുവരാന്‍ ആരും വ്യാമോഹിക്കേണ്ട: എം.ടി അബ്ദുല്ല മുസ്ലിയാര്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സഞ്ചാരം ശരിയായ റൂട്ടില്‍ തന്നെയാണെന്നും പാരമ്പര്യത്തില്‍ നിന്ന് തെന്നി മാറി ‘അച്ചാര്‍ സംസ്കാരം’ കൊണ്ടുവരാന്‍ ആരും വ്യാമോഹിക്കേണ്ടതില്ലെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുനബിയും സ്വഹാബത്തും കാണിച്ചുതന്ന മാര്‍ഗത്തില്‍ നിന്നുള്ള ചിലരുടെ വ്യതിയാനം മുഹമ്മദ് ബ്നുഅബ്ദുല്‍ വഹാബിന്റെ സിദ്ധാന്തം ഉള്‍ക്കൊണ്ടത് കൊണ്ടാണ്. ഖുര്‍ആന്‍ വായിച്ചു സ്വന്തം വ്യാഖ്യാനം നല്‍കാനുള്ള മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബിന്റെ ആശയമാണ് കേരളത്തിലെ വഹാബികളും പിന്തുടരുന്നത്.  സംഘടന പ്രവര്‍ത്തകരും സ്ഥാപനങ്ങളും സമസ്തയുടെ റൂട്ടില്‍ തന്നെ നിലകൊള്ളണമെന്നും മദ്ഹബുകളില്‍ നിന്ന് തെന്നിമാറി സഞ്ചരിക്കുന്നത് അനുവദിച്ചു കൊടുക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷനായി. കെ.പി അബ്ദുറിഹമാന്‍ മുസ്ലിയാര്‍, കെ.സി അഹ്്മദ് കുട്ടി മൗലവി, പുത്തലം അബ്ദുറസാഖ് മുസ്ലിയാര്‍, വി ഉണ്ണീന്‍ കുട്ടി മുസ്ലിയാര്‍, കെ മൊയ്തീന്‍ ഫൈസി പ്രസംഗിച്ചു. സെക്രട്ടറി കെ.എച് കോട്ടപ്പുഴ സ്വഗതവും വി ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍ നന്ദിയും പറഞ്ഞു.

error: Content is protected !!