താമര വിട്ട് കൈ പിടിക്കാന്‍ സന്ദീപ് വാര്യര്‍ ; പ്രഖ്യാപനം ഉടന്‍

പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. നേരത്തെ സിപിഎമ്മില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സന്ദീപ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. കെപിസിസി ഉടന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപനം നടത്തും. കോണ്‍ഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഇന്നലെ രാത്രി എഐസിസിയും സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന് അനുമതി നല്‍കിയതോടെയാണ് നിര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്.

പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. ഉപതെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായകഘട്ടത്തില്‍ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യര്‍ കടുത്ത പ്രതിസന്ധി ബിജെപിക്കുണ്ടാക്കിയാണ് പാര്‍ട്ടി വിടുന്നത്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ട്ടിയില്‍ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതല്‍ ചൊടിപ്പിച്ചത്.

നേരത്തെ സന്ദീപ് സിപിഎമ്മുമായും സിപിഐയുമായുമടക്കം ചര്‍ച്ച നടത്തിയിരുന്നു. എകെ ബാലന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍. അനൗപചാരിക ചര്‍ച്ചകള്‍ സിപിഎം നടത്തിയിട്ടുണ്ടെങ്കിലും ആദ്യം മതനിരപേക്ഷ നിലപാട് സന്ദീപ് പരസ്യമായി പറഞ്ഞിട്ടുമതി സ്വീകരിക്കല്‍ എന്നായിരുന്നു സിപിഎം തീരുമാനം. ഇതോടെയാണ് സന്ദീപ് കോണ്‍ഗ്രസ് വഴിയിലേക്ക് എത്തിയത്.

error: Content is protected !!