തിരുവനന്തപുരം: ഭൂമി തട്ടിപ്പ്, പീഡനക്കേസുകളില്‍ പ്രതിയായിരുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ട ഇയാള്‍ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങി പുറംലോകവുമായി ബന്ധപ്പെടാതെ കഴിയുകയായിരുന്നു.
കട്ടപ്പന സ്വദേശിയായ സന്തോഷ് മാധവന്‍ സ്വാമി ചൈതന്യ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ശാന്തിതീരം എന്ന ആശ്രമത്തിന്റെ മറവിലായിരുന്നു ഇയാളുടെ കുറ്റകൃത്യങ്ങള്‍. സാമ്പത്തിക തട്ടിപ്പ് കേസിലും സ്ത്രീ പീഡന കേസിലും പ്രതിയായി ശിക്ഷ അനുഭവിച്ചയാളാണ് സന്തോഷ് മാധവന്‍. എന്നാല്‍ പിന്നീട് ജയില്‍ മോചിതനായിരുന്നു.
2008ലാണ് സന്തോഷ് മാധവനെതിരായ പീഡനപരാതികളും തട്ടിപ്പ് കേസുകളും പുറത്തുവരുന്നത്. രണ്ടുപെണ്‍കുട്ടികളെ പീഡിപ്പിച്ചകേസില്‍ 16 വര്‍ഷം കഠിനതടവിനാണ് സന്തോഷ് മാധവനെ ശിക്ഷിച്ചിരുന്നത്. പിന്നീട് ഒരുകേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കി. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് കോടതി ഇയാളെ 16 വര്‍ഷത്തേക്ക് തടവ് ശിക്ഷിച്ചത്. ഗള്‍ഫ് മലയാളിയായ ഒരു സ്ത്രീയില്‍ നിന്ന് 45 ലക്ഷം തട്ടിച്ചു എന്ന കേസും ഇയാള്‍ക്കെതിരെയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം അനധികൃതമായി കയ്യടക്കിവച്ചിരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതാണ് അവസാനമായി സന്തോഷ് മാധവന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്.