കോഴിക്കോട് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയടക്കം 5 പേരുടെ വധശിക്ഷ നടപ്പാക്കി സൗദി

Copy LinkWhatsAppFacebookTelegramMessengerShare

ജിദ്ദ : കോഴിക്കോട് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയടക്കം 5 പേരുടെ വധശിക്ഷ സൗദി നടപ്പാക്കി. കൊടുവള്ളി സ്വദേശി സമീര്‍ വേളാട്ടുകുഴിയെ കൊലപ്പെടുത്തിയ കേസില്‍ തൃശൂര്‍ എറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സിദ്ദീഖ്, സൗദി പൗരന്‍മാരായ ജാഫര്‍ ബിന്‍ സാദിഖ് ബിന്‍ ഖാമിസ് അല്‍ ഹാജി, ഹുസൈന്‍ ബിന്‍ ബാകിര്‍ ബിന്‍ ഹുസൈന്‍ അല്‍ അവാദ്, ഇദ്രിസ് ബിന്‍ ഹുസൈന്‍ ബിന്‍ അഹമ്മദ് അല്‍ സമീല്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹാജി അല്‍ മുസ്‌ലിമി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

കൊലപാതകത്തിനു പുറമെ രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു. അതിനാല്‍, മരിച്ചയാളുടെ കുടുംബം മാപ്പു നല്‍കിയാലും ശിക്ഷയില്‍ ഇളവിനുള്ള സാധ്യതയില്ലായിരുന്നു. ശരീഅത്ത് നിയമ പ്രകാരം നിരാലംബനും നിരായുധനും നിഷ്‌കളങ്കരുമായവരെ കൊല്ലുന്നതിനു മാപ്പില്ലെന്നു വിധിന്യായത്തില്‍ കോടതി വിശദീകരിച്ചു. 2016 ജൂലൈ 6നു ചെറിയ പെരുന്നാള്‍ ദിനം ജുബൈലിലെ വര്‍ക്ക്‌ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് സമീറിന്റെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞനിലയില്‍ കണ്ടത്.

പണം കവരുക യെന്ന ഉദ്ദേശത്തോടെയാണ് സമീറിനെ തട്ടിക്കൊണ്ടുപോയി കൊന്നത്. പണം കിട്ടാനായി 3 ദിവസം ബന്ദിയാക്കി ക്രൂരമായി മര്‍ദ്ദിച്ചു. പണം കിട്ടില്ലെന്നു വന്നതോടെ സമീറിനെ വഴിയില്‍ ഉപേക്ഷിച്ചുപോവുകയായിരുന്നു. ആളുമാറിയാണ് സമീറിനെ തട്ടിക്കൊണ്ടുപോയത്. സമീറിനെ കാട്ടിക്കൊടുത്ത കുറ്റമാണ് സിദ്ദീഖിനും അജ്മലിനും എതിരെയുള്ളത്.

നൈസം ചേനിക്കാപ്പുറത്ത് സിദ്ദീഖ് (34) , കോഴിക്കോട് കുറ്റ്യാടി സ്വദേശി അജ്മല്‍ ഹമീദ് എന്നിവര്‍ ഉള്‍പ്പടെ 6 പേരാണ് അന്ന് അറസ്റ്റിലായത്. അജ്മല്‍ ഹമീദ് ഇപ്പോഴും ജയിലില്‍ തുടരുന്നു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!