കൊണ്ടോട്ടി : കരിപ്പൂരിന് പുതിയ പ്രതീക്ഷകളുമായി എയര്‍ ഏഷ്യയുടെ ക്വാലലംപുര്‍ കോഴിക്കോട് വിമാനസര്‍വീസിനു തുടക്കമായി. മൂന്നര പതിറ്റാണ്ടു പിന്നിട്ട കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ് മലേഷ്യയിലെ ക്വാലലംപുര്‍ സെക്ടറില്‍ നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങുന്നത്. 180 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തില്‍ 149 യാത്രക്കാരുമായാണ് ആദ്യ വിമാനം ഇന്നലെ രാത്രി കരിപ്പൂരിലെത്തിയത്. പുലര്‍ച്ചെ ക്വാലലംപുരിലേക്കു മടങ്ങിയ വിമാനത്തില്‍ 171 യാത്രക്കാരും.
ഇന്ത്യന്‍ സമയം അര്‍ധരാത്രിയോടെ കരിപ്പൂരിലെത്തി പുലര്‍ച്ചെയോടെ മടങ്ങുന്ന രീതിയിലാണു സമയക്രമം. മലേഷ്യന്‍ സമയം സമയം രാത്രി 9.55നു ക്വാലലംപുരില്‍നിന്ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം 11.25ന് കരിപ്പൂരിലെത്തും. പിറ്റേന്ന് അര്‍ധരാത്രി ഇന്ത്യന്‍ സമയം 12.10ന് കരിപ്പൂരില്‍ നിന്നു പുറപ്പെട്ട് മലേഷ്യന്‍ സമയം രാവിലെ ഏഴിന് ക്വാലലംപുരില്‍ എത്തും.
ആഴ്ചയില്‍ 3 ദിവസമാണു സര്‍വീസ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ക്വാലലംപുരില്‍നിന്ന് കരിപ്പൂരിലേക്കും ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കോഴിക്കോട്ടുനിന്നു ക്വാലലംപുരിലേക്കും. എയര്‍ ഏഷ്യയ്ക്ക് വിവിധ രാജ്യങ്ങളിലേക്കു കണക്ഷന്‍ വിമാനങ്ങളുണ്ട് എന്നതിനാല്‍ ക്വാലലംപുരില്‍നിന്ന് വിവിധ വിദേശനാടുകളിലേക്കുള്ള യാത്ര ഇനി എളുപ്പമാകും. വിദ്യാര്‍ഥികള്‍ക്കും വ്യാപാരികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും കൂടുതല്‍ പ്രയോജനപ്പെടും.
കൂടുതല്‍ സര്‍വീസ് പരിഗണനയില്‍
കരിപ്പൂരില്‍ നിന്ന് എയര്‍ ഏഷ്യ കൂടുതല്‍ സര്‍വീസ് ആലോചിക്കുന്നുണ്ട്. കരിപ്പൂര്‍ ക്വാലലംപുര്‍ വിമാന സര്‍വീസിനു മികച്ച പ്രതികരണം ലഭിച്ചതോടെ കരിപ്പൂര്‍ നിന്ന് തായ്‌ലന്‍ഡിലെ ബാങ്കോക്കിലേക്കു നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം എയര്‍ ഏഷ്യ റീജനല്‍ മാനേജര്‍ കിഷോര്‍ കുമാര്‍ നുനാവാത്ത് എം.കെ.രാഘവന്‍ എംപിയെ അറിയിച്ചിരുന്നു.
കരിപ്പൂര്‍ ബാങ്കോക്ക് സെക്ടറിലെ സാധ്യതാപഠനം നേരത്തേ നടത്തിയിരുന്നു.