പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി റോഡിന് കുറുകെ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു ; പൊലീസിന്റെ പിഴവെന്ന് കുടുംബം

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി കൊച്ചിയില്‍ പൊലീസ് റോഡിന് കുറുകെ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വടുതല സ്വദേശി മനോജ് ഉണ്ണി(28) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. റോഡില്‍ തലയടിച്ചു വീണ മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

എസ്എ റോഡില്‍ നിന്ന് വന്ന് എം ജി റോഡിലേക്ക് കയറുന്ന ഭാഗത്ത് പള്ളിമുക്ക് ജംഗ്ഷനിലാണ് കയര്‍ കെട്ടിയിരുന്നത്. എന്നാല്‍ തങ്ങള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തില്‍ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. വൈകാതെ പൊലീസുകാര്‍ മനോജ് ഉണ്ണിയെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ് മരിച്ചത്.

അതേസമയം മനോജ് ഉണ്ണി മരിച്ച സംഭവത്തില്‍ മരണകാരണം പൊലീസിന്റെ പിഴവാണെന്ന് കുടുംബം ആരോപിച്ചു. കാണാന്‍ കഴിയാത്ത വിധമുള്ള ചെറിയ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ചാണ് ഗതാഗതം തടഞ്ഞതെന്ന്ും സംഭവമറിഞ്ഞ് ഞങ്ങള്‍ അവിടെയെത്തിയപ്പോഴും തെരുവ് വിളക്ക് കത്തുന്നുണ്ടായിരുന്നില്ല. ആളില്ലാത്ത വഴിയായതിനാല്‍ അല്‍പം വേഗത്തിലാണ് അവന്‍ വണ്ടിയോടിച്ചത്. വലുപ്പമുള്ള വടം ആയിരുന്നെങ്കില്‍ കഴുത്തില്‍ ഇത്രയും പരുക്കു വരില്ലായിരുന്നുവെന്നും ബാരിക്കേഡ് വച്ചിരുന്നെങ്കില്‍ സഹോദരന്‍ മരിക്കില്ലായിരുന്നുവെന്നും മനോജിന്റെ സഹോദരി ചിപ്പി പറഞ്ഞു.

യുവാവ് മദ്യപിച്ചിരുന്നുവെന്നാണ് പൊലീസ് പറഞ്ഞതെങ്കിലും മനോജ് മദ്യപിക്കില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.

error: Content is protected !!