Saturday, July 12

അപകട ഭീഷണിയുയര്‍ത്തുന്ന ന്യൂക്കട്ടില്‍ സുരക്ഷയൊരുക്കണം : എന്‍എഫ്പിആര്‍

പാലത്തിങ്ങല്‍ : പാലത്തിങ്ങല്‍ കീരനല്ലൂര്‍ ന്യൂക്കട്ടില്‍ സുരക്ഷയും മുന്നറിയിപ്പും ശക്തമാക്കേണ്ടത് അത്യാവശ്യവും നിര്‍ബന്ധവുമാണന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് സന്ദര്‍ശകരെത്തുന്ന ന്യൂക്കട്ടിലും പരിസരത്തും സുരക്ഷിതമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ജനപ്രതിനിധികള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇത് ഒഴിഞ്ഞുമാറേണ്ടുന്ന കാര്യമല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഇന്നലെയും ഒരു ചെറുപ്പക്കാരനെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായിരിക്കുന്നത്. ഇതിന് മുന്‍പും പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്. പലരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്.ശക്തമായ ഒഴുക്കും പാറക്കെട്ടുകളുമുള്ള ഇവിടെ ചാടിക്കുളിക്കുന്നത് വലിയ അപകടമാണെന്ന് നാട്ടുകാര്‍ക്കൊക്കെ അറിയാം. പലസ്ഥലങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് അപകടസാധ്യത അത്രയ്ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. അവിടെയാണ് ജനപ്രതിനിധികള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് ഉത്തരവാദിത്തമുള്ളതെന്നും എന്‍എഫ്പിആര്‍ പറഞ്ഞു.

പാറയില്‍ വി.സി.ബിക്ക് മുകളിലെ നടപ്പാലത്തില്‍ കൈവരി ഇല്ലാത്ത ഭാഗത്ത് അടിയന്തിരമായി കൈവരി സ്ഥാപിക്കണം. പാലത്തിലെ പൊളിഞ്ഞ കൈവരികള്‍ മാറ്റി സ്ഥാപിക്കുക, പാറക്കെട്ടുള്ള ഭാഗങ്ങളിലും പുഴയില്‍ നല്ല ഒഴുക്കുള്ള സ്ഥലങ്ങളിലും കുട്ടികളും യുവാക്കളടക്കമുള്ളവരും അപകടകരമായ രീതിയില്‍ കുളിക്കാനിറങ്ങുന്നത് തടയാന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക മറ്റു സംവിധാനങ്ങളുണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

നാട്ടുകാര്‍ ഇടപെട്ട് ബഹളവും തര്‍ക്കങ്ങളും ഉണ്ടാക്കുകയല്ല വേണ്ടത്. അധികൃതര്‍ ഉചിതമായ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കട്ടെ. വിനോദ സഞ്ചാരത്തിന് സഹായകരമാകുന്ന സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും ജനപ്രതിനിധികള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുന്നിട്ടിറങ്ങട്ടെയെന്നും അവര്‍ പറഞ്ഞു.

സുരക്ഷിതവും ആശ്വാസവും നിറഞ്ഞൊരു സമയങ്ങളാണ് ന്യൂക്കട്ടില്‍നിന്ന് എല്ലാവര്‍ക്കും ലഭിക്കേണ്ടതെന്നും ദുരന്തങ്ങള്‍ സംഭവിച്ചു കഴിഞ്ഞിട്ട് നടപടികളും പ്രഖ്യാപനങ്ങളും ഉണ്ടായിട്ടു പ്രയോജനം ഇല്ലെന്നും നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റേറ്റ്‌സ് മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹീം പൂക്കത്ത് പറഞ്ഞു

error: Content is protected !!