
മലപ്പുറം : ജില്ലയില്‍ ഗാര്‍ഹിക പ്രസവങ്ങള്‍ക്കെതിരെ ലോകാരോഗ്യദിനമായ ഏപ്രില്‍ ഏഴിന് ആരാഗ്യവകുപ്പ് ആരംഭിച്ച ക്യാംപയിന്‍ ഫലം കാണുന്നു. ക്യാംപയിൻ തുടങ്ങുന്നതിന് മുൻപുള്ള ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 61 ഗാർഹിക പ്രസവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ജനുവരിയിൽ 25, ഫെബ്രുവരിയിൽ 13, മാർച്ചിൽ 23 എന്നിങ്ങനെയാണ് കണക്കുകൾ. ക്യാംപയിൻ തുടങ്ങിയ ഏപ്രിലില്‍ ആറ് ഗാര്‍ഹിക പ്രസവങ്ങളാണ് ഉണ്ടായിരുന്നത്. മെയില്‍ മൂന്ന്, ജൂണില്‍ നാല്, ജൂലൈയിൽ അഞ്ച് എന്നിങ്ങനെയാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.
കോഡൂരില്‍ വീട്ടില്‍ പ്രസവിച്ച യുവതി പ്രസവത്തെ തുടര്‍ന്ന് മരണമടഞ്ഞതിന്റെ പിന്നാലെയാണ് ജില്ലയില്‍ ഗാര്‍ഹിക പ്രസവങ്ങള്‍ക്കെതിരെ വിപുലമായ ക്യാംപയിന്‍ ആരംഭിച്ചത്. ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ‘കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം’ എന്ന ക്യാംപയിനാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടന്നത്.
പിന്നാക്ക സാമൂഹ്യസാഹചര്യങ്ങള്‍, കുടിയേറ്റം, ഗതാഗത സൗകര്യക്കുറവ്, ആശുപത്രിയിലെ പ്രസവത്തിന്റെ ഭാരിച്ച ചെലവ്, ആശുപത്രിയിലെ മോശം അനുഭവങ്ങള്‍, അലോപ്പതിയോടുള്ള എതിര്‍പ്പ്, നാച്ചുറോപതി, അക്യുപങ്ചര്‍ ചികിത്സകളിലുള്ള വിശ്വാസം എന്നിങ്ങനെ പലവിധ കാരണങ്ങളാണ് വീട്ടിലെ പ്രസവത്തിന് പിന്നിലുള്ളത്.
2024-25 വര്‍ഷത്തില്‍ 191, 2023-24 ല്‍ 253, 2022-23 ല്‍ 266, 2021-22 ല്‍ 258, 2020-21 ല്‍ 257 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലായി ജില്ലയില്‍ നടന്ന ഗാര്‍ഹിക പ്രസവങ്ങളുടെ കണക്കുകള്‍. ഇതില്‍ മാറാക്കര-19, പൂക്കോട്ടൂര്‍- 21, വളവന്നൂര്‍- 47, വേങ്ങര-24 എന്നിങ്ങനെയാണ് വിവിധ ആരോഗ്യബ്ലോക്കുകള്‍ക്ക് കീഴില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഗാര്‍ഹിക പ്രസവങ്ങളുടെ എണ്ണം. ഗ്രാമപ്രദേശങ്ങളില്‍ 87%, നഗരങ്ങളില്‍ 13% എന്നിങ്ങനെയാണ് ഗാര്‍ഹിക പ്രസവങ്ങളുടെ നിരക്ക്. ശിശുമരണങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി കുഞ്ഞുങ്ങള്‍ക്ക് യഥാസമയം പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുന്നതിനായുള്ള പ്രചാരണ പരിപാടികളും നടത്തിയിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വീട്ടില്‍ പ്രസവം നടക്കുന്ന ജില്ല മലപ്പുറമാണ് . ഇതിനു പുറമേ കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി 13ലധികം ഗാര്‍ഹിക പ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സവിശേഷ സാഹചര്യത്തില്‍ ആശുപത്രിയിലെ പ്രസവം 100% ആക്കുന്നതിനുള്ള സാമൂഹ്യ ഇടപെടലുകള്‍ ത്വരിതപ്പെടുത്തുന്നതിനുള്ള ബൃഹത്തായ ക്യാംപയിന്‍ എന്ന നിലയ്ക്കാണ് ഗാര്‍ഹിക പ്രസവത്തിനെതിരെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചത്. ജില്ലയില്‍ ഉടനീളം ആശുപത്രിയില്‍ പ്രസവിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ചും കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മതനേതാക്കളുടെ യോഗം വിളിക്കുകയും ചെയ്തു. കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം എന്ന ഈ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വീട്ടിലെ പ്രസവം കൂടുതലുള്ള ജില്ലയിലെ വിവിധ പ്രാദേശിക സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ നാടകങ്ങള്‍, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നയിക്കുന്ന സെമിനാറുകള്‍ , സാമൂഹിക സാംസ്‌കാരിക നേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ ,മറ്റു വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ജനകീയ റാലികള്‍,കൂട്ടനടത്തം എന്നിവയും സംഘടിപ്പിച്ചിരുന്നു.