ഡല്‍ഹി : വോട്ട് ബാങ്ക് നിറയ്ക്കാന്‍ ഭാരതരത്‌നപോലുള്ള പരമോന്നത ബഹുമതികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കര്‍പ്പൂരി താക്കൂറിന് ഭാരതരത്‌ന നല്‍കിയപ്പോള്‍ നിതീഷ് കുമാര്‍ ബിജെപിയിലെത്തി. ചരണ്‍ സിങ്ങിന് പുരസ്‌കാരം നല്‍കി കൊച്ചുമകന്‍ ജയന്ത് സിങ്ങിന്റെ ആര്‍എല്‍ഡിയെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നു. കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കാളികളായ കര്‍ഷകരെ സന്തോഷിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് എം എസ് സ്വാമിനാഥന് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വവാദം ആര്‍എസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ പദ്ധതി മാത്രമാണ്. അതുകൊണ്ട്, അയോധ്യാ ക്ഷേത്രപ്രതിഷ്ഠ രാജ്യത്തിന് നാഴികക്കല്ലല്ല, അതിനുമുമ്പും പിമ്പുമുള്ള ഇന്ത്യ സമാനവുമാണ്. കുറ്റം തെളിയുന്നതുവരെ നിരപരാധിയായി തുടരാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും, ഇപ്പോഴത് നിരപരാധിയാണെന്ന് തെളിയിക്കും വരെ കുറ്റക്കാരനാകുന്ന സ്ഥിതിയായിയെന്ന് യെച്ചൂരി വിമര്‍ശിച്ചു.
പരമോന്നത കോടതിയുടെ വിധികള്‍ ആ നിലവാരത്തിനൊത്ത് ഉയരുന്നുണ്ടോ എന്നത് ചര്‍ച്ച ചെയ്യണം. ചീഫ് ജസ്റ്റിസിനോടും ജഡ്ജിമാരോടും അത് അഭ്യര്‍ഥിക്കാനേ കഴിയൂ. ബിജെപി ഇതര സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ ജനാധിപത്യ അധികാര പരിധി വിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപിയെയും നരേന്ദ്ര മോദിയെയും അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തിവേണം മാറ്റം ആരംഭിക്കാനെന്നും അദ്ദേഹം പറഞ്ഞു.