തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് പേര്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്, മരിച്ചവരില്‍ മലയാളിയും : ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഹൈദരാബാദ് : തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശനത്തിനായി താഴെ തിരുപ്പതിയിലെ കൂപ്പണ്‍ വിതരണ കൗണ്ടറിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 3 സ്ത്രീകളടക്കം 6 പേരാണു മരിച്ചത്. മരിച്ചവരില്‍ പാലക്കാട് സ്വദേശിനിയും ഉള്‍പ്പെടുന്നു. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേടിലെ നിര്‍മല (52) ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. നിര്‍മലയും ബന്ധുക്കളും ഉള്‍പ്പെടെയുള്ള ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി ദര്‍ശനത്തിനായി പോയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി ബന്ധുക്കള്‍ അറിയിച്ചു.

വൈകുണ്ഠ ഏകാദശി ഉത്സവം ആരംഭിക്കുന്നതിനു 2 ദിവസം മുന്‍പായിരുന്നു അപകടം. തൊണ്ണൂറിലേറെ ടിക്കറ്റ് കൗണ്ടറുകളാണ് ഒരുക്കിയത്. ഈ കൗണ്ടറുകളിലേക്കു വന്‍ ജനക്കൂട്ടം ഒഴുകിയെത്തി. ഭക്തര്‍ക്കു ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ പ്രവേശന കവാടത്തിലൂടെ പ്രാര്‍ഥിക്കാന്‍ സാധിക്കുമെന്നതാണ് ഈ ഉത്സവത്തിന്റെ പ്രത്യേകത. ദര്‍ശനത്തിനുള്ള കൂപ്പണ്‍ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് ആറ് പേര്‍ മരിച്ചത്.

തിക്കിലും തിരക്കിലും പെട്ട് നിര്‍മല മരിച്ച വിവരം വൈകിയാണ് ബന്ധുക്കള്‍ അറിഞ്ഞത്. അപകടമുണ്ടായശേഷം മരിച്ച ആറുപേരില്‍ ഉള്‍പ്പെട്ടിരുന്ന നിര്‍മല കര്‍ണാടക സ്വദേശിനിയാണെന്നായിരുന്നു പൊലീസ് ആദ്യം നല്‍കിയ വിവരം. പിന്നീട് ഈ വിവരം തിരുത്തി നല്‍കുകയായിരുന്നു.

അതേസമയം, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരുപ്പതിയിലെത്തി ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചു. തിരുപ്പതി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

error: Content is protected !!