
വളാഞ്ചേരി : ചാറ്റൽമഴ പെയ്താലും പുതിയ ആറുവരിപ്പാതയിൽ നിന്നുള്ള ചെളിവെള്ളം ഒഴുകിയെത്തുന്നത് വടക്കേകുളമ്പ് മേഖലയിലേക്കാണ്. റോഡ് നിർമ്മാണം നടക്കുമ്പോഴും പണി തീർന്നാലും ആശങ്ക വിട്ടൊഴിയുന്നുമില്ല. നഗരസഭയിലെ മുപ്പത്തിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന വടക്കേക്കുളമ്പിൽ കൂടുതലും ഇടത്തരം കുടുംബങ്ങളാണ് താമസിക്കുന്നത്. കർഷക തൊഴിലാളികളും ഇതിൽ ഉൾപ്പെടും. ഈ വാർഡിൽ ഉൾപ്പെട്ട വട്ടപ്പാറ ഭാഗത്തും സ്ഥിതി ഇതുതന്നെ.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കല്ലും ചെളിയും ഒഴുകിയെത്തിയത് ഇവരുടെ വീടുകളിലേക്കാണ്. രാത്രിയിൽ സ്വസ്ഥമായി ഉറങ്ങാൻ പറ്റാത്ത സ്ഥിതി. വട്ടപ്പാറ മേൽഭാഗത് കൂറ്റൻ കുന്നാണ് നെടുകെ പിളർന്ന് ആറുവരിപ്പാതയ്ക്കായി വെട്ടിനീക്കിയത്. ഇവിടെ നിന്നുള്ള ഉറവ താഴേക്ക് ഒഴുകുന്നുണ്ട്.
വേനൽ മഴയിൽ തന്നെ കനത്ത നാശനഷ്ടം സംഭവിച്ച സഥിതിക്ക് മഴക്കാലമെത്തുമ്പോൾ അവസ്ഥ എന്താകുമെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. കാനകൾ നിർമ്മിച്ച് വെള്ളം തോട്ടിലേക്ക് ഒഴുക്കിവിടണമെന്ന് വാർഡ് അംഗം അടക്കമുള്ളവർ ആവശ്യപ്പെട്ടതാണ്. എന്നാൽ നടപടിയുണ്ടായില്ല. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ഇനിയും നടപടി ഉണ്ടാക്കാത്ത പക്ഷം പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വാർഡ് അംഗം മുജീബ് വാലാസി പറഞ്ഞു.