തെറിപ്പാട്ടും ഗതാഗത തടസ്സവും ; തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്

യൂട്യൂബര്‍ ‘തൊപ്പി’യ്ക്കെതിരെ കേസെടുത്ത് പൊലീസ്. പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിനും ഗതാഗതം തസപ്പെടുത്തിയതിനുമാണ് ‘തൊപ്പി’ എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കട ഉടമയ്‌ക്കെതിരെയും പൊലീസ് കേസെടുത്തു.

ദിവസങ്ങള്‍ക്ക് മുന്‍പ് വളാഞ്ചേരിയില്‍ നടന്ന കട ഉദ്ഘാടനവും ‘തൊപ്പി’യുടെ പാട്ടുമെല്ലാം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് തൊപ്പിയ്ക്കെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്ലീലപദപ്രയോഗം ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വസ്ത്രവ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്. വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാടത്തിന്റെ പരാതിയിലാണ് വിവാദ പരിപാടിയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. പരിപാടിയില്‍ ‘തൊപ്പി’ പാടിയ തെറിപ്പാട്ട് മാനസിക ബുദ്ധിമുട്ടാണ്ടാക്കിയെന്നും രണ്ട് മണിക്കൂരോളം ഗതാഗതം തടസപ്പെട്ടെന്നും കാണിച്ചാണ് പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പൊലീസിന് പരാതിക്കാരന്‍ നല്‍കിയിരുന്നു.

യൂട്യൂബില്‍ ആയിരക്കണക്കിന് ഫോളോവോഴ്‌സുള്ള യുവാവാണ് ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാല്‍. ഇയാളുടെ ഉള്ളടക്കം അശ്ശീലവും സ്ത്രീവിരുദ്ധവുമാണെന്ന് കാണിച്ച് നേരത്തെത്തന്നെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്. ഇയാളുടെ യുട്യൂബ് ചാനലിനും ‘തൊപ്പിക്കും’ കുട്ടികള്‍ ആണ് ഏറെ ആരാധകര്‍.

error: Content is protected !!