Friday, August 1

കായിക സാക്ഷരതാ ഗവേഷണ പദ്ധതിക്ക് കാലിക്കറ്റില്‍ തുടക്കം

സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ കായികസാക്ഷരത വളര്‍ത്താനുള്ള ഗവേഷണ പദ്ധതിക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് (ഐസി.എസ്.എസ്.ആര്‍.) അംഗീകാരമുള്ള പദ്ധതിക്ക് ഒന്നരക്കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത മൂവായിരം വിദ്യാര്‍ഥികള്‍ക്കാണ് പരിപാടി നടത്തുക. കുട്ടികളിലെ അടിസ്ഥാന ചലനശേഷി, കായികാഭിരുചി എന്നിവയെല്ലാം പഠിക്കും. ദേശീയകായിക നയത്തില്‍ തന്നെ വലിയ മാറ്റത്തിന് സാധ്യതയുണ്ടാക്കുന്ന കണ്ടെത്തലുകളാകും ഗവേഷണത്തിലൂടെയുണ്ടാകുക എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

സര്‍വകലാശാലാ കായികപഠനവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ഹുസൈനാണ് പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍, കാലടി സര്‍വകലാശാലാ കായികവിഭാഗം പ്രൊഫസര്‍ ഡോ. എം.ആര്‍. ദിനു, നിലമ്പൂര്‍ അമല്‍ കോളേജിലെ ഡോ. നാഫിഹ് ചെരപ്പുറത്ത്, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ കായികവിഭാഗം മേധാവി ഡോ. ഷഫീ ഖ്, സര്‍വകലാശാലാ ജന്തുശാസ്ത്രപഠനവകുപ്പിലെ അസി. പ്രൊഫസര്‍ ഡോ. സുബൈര്‍ മേടമ്മല്‍ എന്നിവര്‍ ഗവേഷണ പദ്ധതിയില്‍ അംഗങ്ങളാണ്. ഒന്നാം ക്ലാസ് വിദ്യാര്‍ഥികളെ അടുത്ത നാലുവര്‍ഷത്തേക്ക് പരിശീലിപ്പിച്ചും നിരീക്ഷിച്ചുമാണ് പഠനം. ആദ്യഘട്ടത്തില്‍ കേരളത്തിൽ നിന്ന് 11 സ്‌കൂളുകളിലെ 850 കുട്ടികളെയാണ്  പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

എ.എല്‍.പി.എസ്. കൊളക്കാട്ടുചാലി, എസ്.വി.എ.യു.പി.എസ്. ചേലേമ്പ്ര, എ.എല്‍.പി.എസ്. ചേലേമ്പ്ര, എ.എം.എല്‍.പി.എസ്. പെരുന്തൊടിപ്പാടം, എ.എല്‍.പി.എസ്. പുല്ലുംകുന്ന്, എ.എം.എം. എ.യു.പി.എസ്. ചേലൂപ്പാടം, ജി.എല്‍.പി.എസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ്, എ.യു.പി. എസ്. തേഞ്ഞിപ്പലം, ജി.എം.യു.പി.എസ്. പാറക്കടവ്, ജി.യു.പി.എസ്. മൂന്നിയൂര്‍, എസ്.എ.യു.പി. ചേലോട് എന്നിവയാണ് സ്‌കൂളുകള്‍. ചടങ്ങില്‍ കായികവിഭാഗം ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി. ബിപിന്‍, വിവിധ സ്‌കൂളിലെ അധ്യാപകര്‍ തുടങ്ങിയവരും പങ്കെടുത്തു.

error: Content is protected !!