തേഞ്ഞിപ്പലത്തും തെന്നലയിലും തെരുവുനായ ആക്രമണം; തേഞ്ഞിപ്പലത്തെ നായക്ക് പേ വിഷബാധ

തേഞ്ഞിപ്പലം : തെരുവുനായയുടെ ആക്രമണത്തിൽ തേഞ്ഞിപ്പലത്ത് 4 പേർക്ക് പരിക്കേറ്റു. ഞായർ രാത്രിയും ഇന്നലെ രാവിലെയുമായി പഞ്ചായത്തിലെ 7, 9, 10 വാർഡുകളിൽ ഗ്രാമീണരെ പരിഭ്രാന്തരാക്കി നായ പരാക്രമം തുടരുകയായിരുന്നു.

ദേവതിയാൽ‌ ജ്യോതിസ് വീട്ടിൽ പി.ടി.ജോഷി, കൊയപ്പപ്പാടം പള്ളിയാളി വീട്ടിൽ ആർ.പ്രജിത, കൊയപ്പ പള്ളിയാളി ഷീജ, പള്ളിയാളി കൃഷ്ണജിത്ത് എന്നിവർക്കാണ് കടിയേറ്റത്.

മെഡിക്കൽ കോളജിൽ എത്തിച്ച് എല്ലാവർക്കും ഇൻജക്‌ഷൻ നൽകി. ജോഷിയെ ഞായർ രാത്രി വീട്ടു പരിസരത്ത് കാറിൽ നിന്ന് ഇറങ്ങിയപ്പോൾ നായ ഓടി വന്ന് കടിക്കുകയായിരുന്നു. വിറക് മാറ്റിയിടവെ ഇന്നലെ രാവിലെ 10ന് ആണ് ഷീജയെ നായ കടിച്ചത്.

ഷീജയുടെ ഭർത്താവ് ഗോവിന്ദൻ കുട്ടി വിവരമറി‍ഞ്ഞ് വീട്ടിലേക്ക് പോകവേ നായ പിന്തുടർന്ന് ചാടിയെങ്കിലും അദ്ദേഹം കടിയേൽക്കാതെ രക്ഷപ്പെട്ടു.

നായ മുണ്ടിൽ കടിച്ചതാണ് ഗോവിന്ദൻ കുട്ടിക്ക് രക്ഷയായത്. ഈ നായ പിന്നീട് ചത്തു. തേഞ്ഞിപ്പലത്തും പരിസരങ്ങളിലും വൻതോതിൽ തെരുവുനായ്ക്കളുണ്ട്.

തെന്നലയിൽ തെരുവ് നായയുടെ അക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റു. താഴെ തറയിൽ, അപ്പിയത്ത് ഭാഗങ്ങളിലാണ് ആക്രമണം ഉണ്ടായത്.

തോട്ടശ്ശേരി അബ്ദുൽ അസീസിന്റെ മകൻ മുഹമ്മദ് സിയാദ്, (5), തോട്ടശ്ശേരി മൊയ്തീന്റെ മകൾ ആയിഷ സ്വബീഹ (10), പച്ചായി കുഞ്ഞിമൊയ്തു (65), പച്ചായി കുഞ്ഞീരുമ്മു (68), വെങ്കടത്തിയിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ഹബീബ് റഹ്മാൻ (9), എന്നിവർക്കാണ് കടിയേറ്റത്. ആടുകളെയും താറാവുകളേയും കോഴികളെയും കടിച്ചു കൊന്നു. പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി കളക്ടർക്കും പഞ്ചായത്തിനും പരാതി നൽകി.

നായക്ക് പേ വിഷബാധ

തേഞ്ഞിപ്പലം : നാലുപേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നായ ചത്തതിനെ തുടർന്ന് ജഡം വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയാണ് സ്ഥിരീകരിച്ചത്. കടിയേറ്റ 4 പേരും കോഴിക്കോട് മെ‍ഡിക്കൽ കോളജ് ആശുപത്രിയിലെത്തി കുത്തിവയ്പെടുത്തു.

നായ മറ്റു 3 നായ്ക്കളെയും പശു, ആട് എന്നിവയെയും കടിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത്ത് അറിയിച്ചു. ചില വളർത്തുമൃഗങ്ങൾക്ക് ഉടമകൾ സംഭവദിവസം തന്നെ കുത്തിവയ്പ് നൽകിയിരുന്നു. മറ്റുള്ളവയ്ക്കും കുത്തിവയ്പ് നൽകാൻ നിർദേശിച്ചതായി പ്രസിഡന്റ് പറഞ്ഞു.

ദേവതിയാൽ, കൊയപ്പ, വിളക്കത്രമാട് മേഖലകളിലാണ് നായ ആളുകളെ കടിച്ചത്. പിന്നീട് ചത്തനിലയിൽ കണ്ടതിനെ തുടർന്ന് ജഡം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് പേബാധ സ്ഥിരീകരിച്ചു റിപ്പോർട്ട് ലഭിച്ചത്.

error: Content is protected !!