വാളക്കുളം : അധ്യാപക ദിനത്തിൽ വിദ്യാലയമുറ്റത്ത് ഗുരുകുലം പുനരാവിഷ്ക്കരിച്ച് വിദ്യാർത്ഥികൾ. ഗുരു ചേതന എന്നു നാമകരണം ചെയ്ത പരിപാടിയ്ക്കായി വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ മുറ്റത്തെ ഹരിതോദ്യാനത്തിൽ ഒത്തുചേർന്നപ്പോൾ ഗുരുവായി എത്തിയത് ദേശീയ അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായ പി വി മോഹനൻ മണ്ണഴിയായിരുന്നു.
പ്രാചീന ഇന്ത്യയിലെ ഗുരുകുലം മാതൃകയിൽ വൃക്ഷച്ചുവട്ടിൽ മൺതറയിലിരുന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.സ്കൂളിലെ ദേശീയ ഹരിത സേന, ഫോറസ്റ്ററി ക്ലബ്ബ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപക ജീവിതത്തിൽ 20 വർഷം പൂർത്തീകരിച്ച സ്കൂളിലെ മുതിർന്ന അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. പ്രഥമാധ്യാപകൻ കെടി അബ്ദുല്ലത്തീഫ്, മാനേജർ ഇ കെ അബ്ദുറസാഖ്, പി ടിഎ പ്രസിഡണ്ട് ശരീഫ് വടക്കയിൽ, കെ പി ഷാനിയാസ്, വി ഇസ്ഹാഖ്, ടി മുഹമ്മദ്, എം പി റജില എന്നിവർ സംബന്ധിച്ചു.