Wednesday, August 6

‘ പണം നല്‍കിയാല്‍ പരീക്ഷ പാസ്സാക്കാം ‘ വാഗ്ദാനത്തില്‍ വിദ്യാര്‍ഥികള്‍ വഞ്ചിതരാകരുതെന്ന് പരീക്ഷാഭവന്‍

പണം നല്‍കിയാല്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ സപ്ലിമെന്ററി പരീക്ഷകള്‍ എഴുതി തോറ്റവര്‍ക്ക് വിജയിച്ചതായി പരീക്ഷാഫലം ലഭ്യമാക്കാമെന്ന വാഗ്ദാനത്തില്‍ വിദ്യാര്‍ഥികള്‍ വഞ്ചിതരാകരുതെന്ന് പരീക്ഷാഭവന്‍. പണം നല്‍കിയാല്‍ പരീക്ഷ ജയിപ്പിക്കാം എന്ന തരത്തില്‍ വ്യാജവാഗ്ദാനം നല്‍കി സമൂഹമാധ്യമങ്ങളിലൂടെ ഒരു സംഘം തട്ടിപ്പുനടത്തുന്നതായി ഒരു ടെലിവിഷന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് സര്‍വകലാശാലയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സര്‍വകലാശാലാ  ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നുള്ള വ്യാജേനയാണ് തട്ടിപ്പുകാര്‍ മേല്‍പറഞ്ഞ വാഗ്ദാനം നല്‍കുന്നത് എന്നാണ് വാര്‍ത്തയില്‍ പറയുന്നത്.


എന്നാല്‍ തട്ടിപ്പു സംഘങ്ങള്‍ക്കു സര്‍വകലാശാലാ ഉദ്യോഗസ്ഥരുമായി യാതൊരു ബന്ധവുമില്ലെന്നും പരീക്ഷാഫലം സംബന്ധിച്ച സര്‍വകലാശാലയുടെ ഡാറ്റാബേസില്‍ യാതൊരുതരത്തിലും കടന്നുകയറാനോ ഫലം മാറ്റാനോ ഉള്ള ഒരു സാഹചര്യവും നിലവിലില്ലെന്നും പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി. സുനോജ് കുമാര്‍ അറിയിച്ചു.


ഇക്കാര്യത്തില്‍ പൊതുജനങ്ങളില്‍ തെറ്റിധാരണ പരത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. ഉദ്യോഗാര്‍ഥികളോ വിദ്യാര്‍ഥികളോ സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും സര്‍വകലാശാലയുടെ  ഔദ്യോഗിക രേഖകളുമായി ഒത്തുനോക്കി ആധികാരികത തെളിയിക്കാന്‍ തൊഴില്‍ദാതാക്കളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലയെ സമീപിക്കുന്നുണ്ട്. തട്ടിപ്പുകാര്‍ നല്‍കുന്ന വ്യാജരേഖകള്‍ സമര്‍പ്പിക്കുന്നവര്‍ ക്രിമിനല്‍ നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിവരും. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ തട്ടിപ്പുകാര്‍ക്കെതിരെ സര്‍വകലാശാല ഉടനെ പരാതി നല്‍കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കി.

error: Content is protected !!