തിരൂരങ്ങാടി : ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും സാധനങ്ങളും മോഷ്ടിക്കുന്നത് പതിവാക്കിയ ആളെ പിടികൂടി. അരീക്കോട് പുളിയർക്കോട് സ്വദേശി അബൂബക്കർ സിദ്ധീഖിനെ (45) യാണ് പിടികൂടിയത്. വെന്നിയൂർ കൊടകല്ലിൽ വെച്ചാണ് പിടിയിലായത്. ബൈക്കിലെത്തിയ ഇയാൾ നിർമാണം നടക്കുന്ന വീട്ടിലേക്ക് വന്നാണ് പണം കവർന്നത്. തൊഴിലാളി താഴത്തെ നിലയിൽ പണമടങ്ങിയ ബാഗ് വെച്ചിരുന്നു. മുകൾ നിലയിലായിരുന്നു പണി. വീട്ടിലേക്ക് വന്ന ഇയാൾ ബാഗ് കവർന്നു രക്ഷപ്പെടുന്നതിനിടെ വീട്ടുടമയും തൊഴിലാളിയും ചേർന്നു പിടികൂടുകയായിരുന്നു. പൊലീസിലേല്പിച്ച ഇയാളെ അറസ്റ്റ് ചെയ്തു. കോടതി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിലുള്ള നിരവധി പരാതികൾ ഉണ്ടെന്നു പോലീസ് പറഞ്ഞു.