നിലവാരമില്ലാത്ത ടൈലുകള്‍ നല്‍കി : 75,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

നിലവാരമില്ലാത്ത ടൈലുകള്‍ വില്‍പ്പന നടത്തിയതിന് എക്സാറോ ടൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 75,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. വെട്ടത്തൂര്‍ സ്വദേശി അബ്ദുള്‍ നാസര്‍ നല്‍കിയ പരാതിയിലാണ് വിധി. കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റേതാണ് വിധി.

എടവണ്ണപ്പാറയിലെ കടയില്‍ നിന്നും വാങ്ങിയ ടൈല്‍ വിരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പലയിടങ്ങളിലും നിറം മാറി. കടയുടമയോട് പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്ന് ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു. ടൈലുകളില്‍ നിറം മങ്ങിയതായി കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി. തെളിവുകള്‍ പരിശോധിച്ച് കമ്മീഷന്‍ ടൈലിന്റെ വിലയായ 76,179 രൂപയും നഷ്ടപരിഹാരമായി 75,000 രൂപയും കോടതി ചെലവ് 20,000 നല്‍കാന്‍ ഉത്തരവിട്ടു. ഒരു മാസത്തിനകം വിധി നടപ്പിലാക്കാത്ത പക്ഷം 12 ശതമാനം പലിശയും നല്‍കണമെന്ന് ഉത്തരവില്‍ പറഞ്ഞു.

error: Content is protected !!