അത്തരത്തില്‍ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ് ; താനൂര്‍ ബോട്ട് ദുരന്തത്തിന് പിന്നാലെ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടിയുടെ രണ്ടാമത്തെ പ്രവചനവും സത്യമായി

താനൂര്‍ ബോട്ട് ദുരന്തത്തിന് പിന്നാലെ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടിയുടെ രണ്ടാമത്തെ പ്രവചനവും സത്യമായി. ഏപ്രില്‍ ഒന്നിന് പോസ്റ്റ് ചെയ്ത കുറിപ്പില്‍ ബോട്ടപകടത്തിന് പിന്നാലെ മുരളി തുമ്മാരുകുടി മല്‍കിയ മറ്റൊരു മുന്നറിയിപ്പായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍ കൊലപാതകത്തിന് ഇരയാകും എന്നത്. കൊട്ടാരക്കരയിലെ യുവ വനിതാ ഡോക്ടറെ വൈദ്യ പരിശോധനക്കെത്തിച്ച പ്രതി കൊലപ്പെടുത്തിയതോടെ ആ പ്രവചനവും ഇന്ന് സത്യമായിരിക്കുകയാണ്.

‘മാസത്തില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരാണ് കേരളത്തില്‍ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാല്‍ ഇതുവരെ ഇത്തരത്തില്‍ ഒരു മരണം ഉണ്ടായിട്ടില്ല. അത് ഭാഗ്യം മാത്രമാണ്. അത്തരത്തില്‍ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ് എന്നായിരുന്നു അന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ കുറിച്ചത്.

മാത്രവുമല്ല അത്തരത്തില്‍ ഒരു മരണം സംഭവിച്ചാല്‍ ഇപ്പോള്‍, ‘ചില ഡോക്ടര്‍മാര്‍ അടി ചോദിച്ചു വാങ്ങുകയാണ്’ എന്നൊക്കെ പറയുന്നവര്‍ അന്ന് മൊത്തമായി കളം മാറും. സമൂഹത്തില്‍ വലിയ എതിര്‍പ്പ് ഉണ്ടാകും, മാധ്യമങ്ങള്‍ ചര്‍ച്ച നടത്തും, മന്ത്രിമാര്‍ പ്രസ്താവിക്കും, കോടതി ഇടപെടും, പുതിയ നിയമങ്ങള്‍ ഉണ്ടാകും. ആരോഗ്യപ്രവര്‍ത്തകരുടെ നേരെയുള്ള അക്രമങ്ങള്‍ കുറച്ചു നാളത്തേക്കെങ്കിലും കുറയും. അപ്പോഴേക്കും ഒരാളുടെ ജീവന്‍ പോയിരിക്കും എന്ന് മാത്രം. എന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞിരുന്നു.

കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സര്‍ജന്‍ വന്ദന ദാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്കെത്തിച്ച പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ് കുത്തിക്കൊന്നത്. ആശുപത്രിയില്‍ വെച്ച് പ്രകോപനമൊന്നുമില്ലാതെയായിരുന്നു അധ്യാപകനായ സന്ദീപ് സര്‍ജിക്കല്‍ കത്തി ഉപയോഗിച്ച് നിരവധി തവണ വന്ദനയെ കുത്തിയത്. സര്‍ജിക്കല്‍ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അധ്യാപകനായ സന്ദീപ് സ്ഥിരം പ്രശ്നക്കാരനെന്നും മയക്കമരുന്നിനടിമയായിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നുണ്ട്.

error: Content is protected !!