വേങ്ങരയിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഫ്‌ളൈ ഓവറിന് നിർദേശം

വേങ്ങര ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ വിളിച്ച് ചേര്‍ത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. 2022-23 ലെ ബജറ്റിന് മുന്നോടിയായി എം.എല്‍.എ വിളിച്ച് ചേര്‍ത്ത പൊതുമരാമത്ത്, ജലവിഭവ വകുപ്പ് അവലോകന യോഗത്തിലായിരുന്നു തീരുമാനം. കൊളപ്പുറത്ത് ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം ലഭ്യമാക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കാനും എം.എല്‍.എ നിര്‍ദേശിച്ചു.

മണ്ഡലത്തിലെ പ്രധാന റോഡുകള്‍ ബി.എം ആന്‍ഡ്  ബി.സി ചെയ്യുന്നതോടൊപ്പം തേര്‍ക്കയം പാലം, ആട്ടീരിപ്പാലം എന്നിവ നിര്‍മിക്കാനും ബജറ്റില്‍ നിര്‍ദേശിക്കും. എ.ആര്‍ നഗര്‍ കുടിവെള്ള പദ്ധതിക്കായി മമ്പുറം പ്രദേശത്ത് റെഗുലേറ്റര്‍ നിര്‍മാണം, ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ ഭാഗത്ത് തടയണ, ബാക്കിക്കയത്ത് പുതിയ പമ്പിങ് സ്റ്റേഷന്‍ എന്നിവ ബജറ്റില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശിക്കും. വേങ്ങരയില്‍ മിനി സിവില്‍ സ്റ്റേഷന്‍, ഊരകത്ത് അന്താരാഷ്ട്ര സ്റ്റേഡിയം, മിനി ഊട്ടിയില്‍ ടൂറിസം പദ്ധതിയും ബജറ്റ് നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തില്‍ നിന്നും 30 പദ്ധതികളാണ് ബജറ്റിലേക്ക് നിര്‍ദേശിച്ചിട്ടുള്ളത്. എല്ലാ പദ്ധതികളും ഉള്‍പ്പെടുത്തുന്നതിന് ധനകാര്യ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.

error: Content is protected !!