കൊളപ്പുറം ജംഗ്ഷനിലെ ഗതാഗത പ്രതിസന്ധിക്ക് പരിഹാരമായി ടു വേ അനുവദിക്കും

വേങ്ങര : ദേശീയ പാത പ്രവൃത്തിയുടെ ഭാഗമായി കൊളപ്പുറം ജങ്ഷനിൽ അരീക്കോട്-പരപ്പനങ്ങാടി റോഡ് വൺവേയാക്കി മാറ്റിയത് കാരണമുണ്ടായ ഗതാഗത പ്രതിസന്ധിക്ക് പരിഹാരമായി ടു വേ ആക്കി പുന:ക്രമീകരിക്കാൻ തീരുമാനമായി. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ നിയോജക മണ്ഡലം എം.എൽ.എ പി.കെ കുഞ്ഞാലിക്കുട്ടിയുടെയും എം.പി അബ്ദുസ്സമദ് സമദാനി എം. പി യുടെയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രത്യേകമായി വിളിച്ച് ചേർത്ത എൻ.എച്ച്‌.എ.ഐ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.

ദേശീയ പാത പ്രവൃത്തിയുടെ ഭാഗമായി ഇടുങ്ങിപ്പോയ കൊളപ്പുറം ജങ്ഷൻ ഏഴ് മീറ്ററാക്കി വീതി കൂട്ടാനും സംസ്ഥാന സർക്കാരിൽ നിന്നും അനുമതി ലഭ്യമാകുന്ന പക്ഷം എട്ട് മീറ്ററാക്കി ഉയർത്താനും യോഗം തീരുമാനിച്ചു. എട്ട് മീറ്ററിലേക്ക് ഉയർത്തുന്നതിന് സംസ്ഥാന സർക്കാരിൽ നിന്നും അനുമതി ആവശ്യമാണ്. വിഷയം 22-ന് സ്ഥലം സന്ദർശിക്കുന്ന പൊതുമരാമത്ത് വകുപ്പ് മന്തിയുടെ ശ്രദ്ധയിൽപ്പെടുത്തി അനുമതി ലഭ്യമാക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം എൽ എ പറഞ്ഞു. കൊളപ്പുറം ജംഗ്ഷനിൽ നേരത്തെ നിശ്ചയിച്ച വൺ വേ ടു വേ ആക്കുന്നത്തോടെ വലിയൊരു ഗതാഗത പ്രതിസന്ധിക്കാണ് പരിഹാരമാകുന്നത്. ഈ തീരുമാനം വിദ്യാർത്ഥികളും കാൽനട യാത്രക്കാരുമായി ഈ റോഡിനെ ആശ്രയിക്കുന്നവർക്ക് വലിയ ആശ്വാസമാകും.

കൂരിയാട് പാടത്ത് സർവ്വീസ് റോഡുകളുടെ ഉയരക്കുറവ് കാരണം വെള്ളക്കെട്ട് സാധ്യതയുള്ളതിനാൽ പരിഹാര നടപടികൾ സ്വീകരിക്കുന്നതിന് പൊതുമരാമത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംയുക്തമായി സ്ഥലം സന്ദർശിച്ച് നാഷണൽ ഹൈവേ അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും റിപ്പോർട്ട് നൽകാനും യോഗം തീരുമാനിച്ചു. നിയുക്ത ഫയർ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് ഗതാഗത പ്രയാസമുണ്ടാകുന്ന റോഡുകൾ സംബന്ധിച്ച പരാതികൾ പരിശോധിച്ച് പരിഹരിക്കുന്നതിന് ജില്ലാ ഫയർ ഓഫീസറുടെയും പൊതുമരാമത്ത് റോഡ്സ്, കെട്ടിട വിഭാഗം ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം വിളിച്ച് ചേർക്കുമെന്നും എം.എൽ.എ അറിയിച്ചു.

error: Content is protected !!