
പൊന്നാനി : തീരദേശത്തെ ആദ്യ ഡോക്ടറായി സുൽഫത്ത്. അഭിമാന നിമിഷമാണിത്. തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബത്തിൽനിന്നുള്ള ആദ്യ ഡോക്ടറായി സുൽഫത്ത് മാറി. പക്ഷേ, സുൽഫത്തിന്റെ സന്തോഷത്തിനടിസ്ഥാനം ഇതുമാത്രമല്ല. തന്നെപ്പോലുള്ള നിർധന കുടുംബത്തിലെ കുട്ടികൾക്ക് പഠനവഴിയൊരുക്കാൻ താൻ നിമിത്തമായി എന്നതുകൂടിയാണ്. അഞ്ചുവർഷം മുൻപ് എം.ബി.ബി.എസ്. ഫീസിളവ് സംബന്ധിച്ച നിർണായകമായ തീരുമാനത്തിന് വഴിയൊരുക്കിയ സുൽഫത്ത്, ഇപ്പോൾ ഡോക്ടർ പഠനം പൂർത്തിയാക്കിയിരിക്കയാണ്.
പൊന്നാനി ഏഴുകുടിക്കൽ ലത്തീഫിന്റെയും ലൈലയുടെയും മകളാണ് സുൽഫത്ത്. 2017-ൽ മെഡിക്കൽ എൻട്രൻസ് കടമ്പ കടന്ന അവർക്ക് പ്രവേശനം ലഭിച്ചത് സ്വാശ്രയ കോളേജായ കൊല്ലത്തെ ട്രാവൻകൂർ മെഡിക്കൽ കോളേജിൽ. മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ചെങ്കിലും 11 ലക്ഷം രൂപ വാർഷികഫീസ് അടുത്ത കടമ്പയായി. മുൻ സ്പീക്കറും പൊന്നാനി എം.എൽ.എ.യുമായ പി. ശ്രീരാമകൃഷ്ണനെ കുടുംബം സമീപിക്കുന്നത് അതോടെയാണ്.
മുഖ്യമന്ത്രിയുമായും ആരോഗ്യവകുപ്പ്, ഫിഷറീസ് മന്ത്രിമാരുമായും സ്പീക്കർ നടത്തിയ ചർച്ചയിലാണ് പിന്നീട് ഒട്ടേറെ വിദ്യാർഥികൾക്ക് പ്രയോജനകരമായ തീരുമാനം പിറവിയെടുക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സ്വാശ്രയ കോളേജിലെ ഫീസ് ഫിഷറീസ് വകുപ്പിന് അടയ്ക്കാൻ കഴിയുമോ എന്നു വകുപ്പ് സെക്രട്ടറിമാരോട് ആലോചിക്കാൻ മന്ത്രിമാർ നിർദേശിച്ചു.
പട്ടികജാതി-വർഗ വിഭാഗത്തിലെ കുട്ടികൾക്ക് അതത് വകുപ്പുകൾ നൽകുന്ന പഠനാനുകൂല്യം മത്സ്യത്തൊഴിലാളി മേഖലയിലെ കുട്ടികൾക്ക് ഫിഷറീസ് വകുപ്പുവഴി ലഭ്യമാക്കാമെന്ന ഉത്തരവ് രണ്ടുദിവസം കൊണ്ടിറങ്ങി. സുൽഫത്ത് അടയ്ക്കേണ്ട ഫീസ് ഫിഷറീസ് വകുപ്പിൽനിന്ന് കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിന്റെ അക്കൗണ്ടിലേക്കെത്തി. ഹൗസ് സർജൻസികൂടി പൂർത്തിയാക്കിയശേഷം പി.ജി.ക്കു ചേർന്ന് കാർഡിയോളജിസ്റ്റാകണമെന്നാണ് സുൽഫത്തിന്റെ ആഗ്രഹം.
പൊന്നാനി തീരദേശത്തെ മത്സ്യ തൊഴിലാളി കുടുംബങ്ങളിൽ നിന്നും സർക്കാർ ചെലവിൽ എം.ബി.ബി എസ് പഠനം പൂർത്തീകരിച്ച ആദ്യ ഡോക്ടറായ സുൽഫത്തിനെ പി.നന്ദകുമാർ എം.എൽ.എയും പൊന്നാനി നഗരസഭയും ആദരിച്ചു.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വ.ഇ. സിന്ധു രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ.പി.കെ. ഖലീമുദ്ധീൻ ,യു.കെ. അബൂബക്കർ , കെ.എ റഹീം എന്നിവരും എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.
പൊന്നാനിയിലെ വീട്ടിലെത്തിയാണ് നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ആദരം അറിയിച്ചത്. നഗരസഭയുടെ സ്നേഹോപഹാരങ്ങളും കൈമാറി. സ്ഥിരം സമിതി അധ്യക്ഷരായ എം.ആബിദ, ടി.മുഹമ്മദ് ബഷീർ, കൗൺസിലർമാരായ ബാത്തിഷ, സീനത്ത്, ജംഷീന തുടങ്ങിയവർ വീട്ടിൽ അനുഗമിച്ചു.