
തിരുവനന്തപുരം: ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികള്‍ പ്രഖ്യാപിച്ച് സപ്ലൈകോ. എഎവൈ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങള്‍ ഉള്‍പ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ നല്‍കുമെന്നാണ് പ്രഖ്യാപനം. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് കിറ്റ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കൃത്യമായ വിപണി ഇടപെടലുകളിലൂടെ അവശ്യ സാധനങ്ങളുടെ വിലക്കുറവ് ഉറപ്പാക്കുന്നതിന് വിപുലമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സപ്ലൈകോ വ്യക്തമാക്കി. സപ്ലൈകോ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനില്‍ക്കുന്ന ഓണം മെഗാ ഫെയറുകളും, 140 നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഫെയറുകളും സംഘടിപ്പിക്കും. കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വില്‍പനയാണ് നടന്നത്. ഇത്തവണ 250 കോടിയില്‍ കുറയാത്ത വില്‍പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്.
സംസ്ഥാനതല ഓണം ഫെയര്‍ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് ഓഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 26, 27 തീയതികളിലായി മറ്റു ജില്ലാ കേന്ദ്രങ്ങളില്‍ ജില്ലാ ഫെയറിന് തുടക്കമാകും. ഉത്രാടം നാളായ സെപ്റ്റംബര്‍ നാലു വരെയാണ് ജില്ലാ ഫെയറുകള്‍ സംഘടിപ്പിക്കുക. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു പ്രധാന ഔട്ട്‌ലെറ്റിനോടനുബന്ധമായി ഓണം ഫെയര്‍ നടത്തും. നിയമസഭാ മണ്ഡലങ്ങളിലെ ഓണം ഫെയറുകള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെയാണ്.
വന്‍പയര്‍, തുവരപ്പരിപ്പ് എന്നീ സബ്‌സിഡി ഇനങ്ങളുടെ വില കുറച്ചിട്ടുണ്ട്. വന്‍ പയറിന് 75 രൂപയില്‍ നിന്നും 70 രൂപയായും തുവര പരിപ്പിന് 105 രൂപയില്‍ നിന്ന് 93 രൂപയായുമാണ് വില കുറച്ചത്. അരി, വെളിച്ചെണ്ണ എന്നിവ ന്യായവിലയ്ക്ക് ഓണക്കാലത്ത് സപ്ലൈകോയിലൂടെ ലഭ്യമാക്കും. നിലവില്‍ ഒരു റേഷന്‍ കാര്‍ഡിന് 8 കിലോ ഗ്രാം അരിയാണ് സബ്‌സിഡി നിരക്കില്‍ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25/ രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരിയായി ലഭ്യമാക്കും. സബ്‌സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അര കിലോയില്‍ നിന്നും 1 കിലോയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. (കിലോയ്ക്ക് 115.5/- അര കിലോയ്ക്ക് 57.50/-) വെളിച്ചെണ്ണ ഒഴികെ എല്ലാ സബ്‌സിഡി സാധനങ്ങളും ഇപ്പോള്‍ ഔട്ട് ലെറ്റുകളില്‍ ലഭ്യമാണ്. ഓണക്കാലത്ത് തടസ്സമില്ലാതെ മുഴുവന്‍ സബ്‌സിഡി സാധനങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സപ്ലൈകോ അറിയിച്ചു.
സപ്ലൈകോയുടെ 3 പ്രധാന ഔട്ട്‌ലെറ്റുകള്‍ ഈ വര്‍ഷം സിഗ്‌നേച്ചര്‍ മാര്‍ട്ട് എന്ന പേരില്‍ പ്രീമിയം ഔട്ട് ലെറ്റുകള്‍ ആക്കി മാറ്റും. ഈ ഓണക്കാലത്ത് തലശ്ശേരി ഹൈപ്പര്‍മാര്‍ക്കറ്റ്, സിഗ്‌നേച്ചര്‍ മാര്‍ട്ട് ആക്കി മാറ്റിക്കൊണ്ടാണ് ഈ വലിയ മാറ്റത്തിന് തുടക്കമാവുക. സപ്ലൈകോയുടെ സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഹൈപ്പര്‍ മാര്‍ക്കറ്റ്, എറണാകുളം ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവയും സിഗ്‌നേച്ചര്‍ മാര്‍ട്ടുകളായി നവീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. ആധുനിക രീതിയിലുള്ള മികച്ച ഷോപ്പിംഗ് അനുഭവം ഉപഭോക്താവിന് നല്‍കുകയാണ് സിഗ്‌നേച്ചര്‍ മാര്‍ട്ടിന്റെ ലക്ഷ്യം.
ഇത്തവണ ഓണത്തിന് വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മറ്റുള്ളവര്‍ക്ക് സമ്മാനമായി നല്‍കാന്‍ സപ്ലൈകോ ഗിഫ്റ്റ് കാര്‍ഡുകളും വിവിധ കിറ്റുകളും രംഗത്തിറക്കിയിട്ടുണ്ട്. 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്‌നേച്ചര്‍ കിറ്റ് 229 രൂപയ്ക്കും സപ്ലൈകോ നല്‍കും. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാര്‍ഡുകളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്.
ഓണക്കാലത്ത് ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, റസിഡന്‍സ് അസോസിയേഷനുകള്‍ക്കും, ദുര്‍ബല വിഭാഗങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യുന്ന വെല്‍ഫെയര്‍ സ്ഥാപനങ്ങള്‍ക്കും സപ്ലൈകോയുടെ ഈ പുതിയ സംവിധാനം ഉപയോഗിക്കാവുന്നതാണ്.
സപ്ലൈകോയില്‍ നിന്ന് ഓണക്കാലത്ത് 2500/- രൂപയിലധികം സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി ഒരു lucky draw നടത്തും. ഒരു പവന്‍ സ്വര്‍ണ്ണനാണയമടക്കം വിവിധ സമ്മാനങ്ങളാണ് വിജയികള്‍ക്കായി നല്‍കുക. സംസ്ഥാനത്തെ 140 ഓണച്ചന്തകളിലും ഇത്തരം നറുക്കെടുപ്പുകള്‍ ദിവസേന നടത്തി വിജയികള്‍ക്ക് വെളിച്ചെണ്ണയടക്കമുള്ള ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതിനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ടെന്നും സപ്ലൈകോ അധികൃര്‍ അറിയിച്ചു.