
സപ്ലൈക്കോ നെല്ല് സംഭരണം 2022-23 മുണ്ടകന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2023 മാര്‍ച്ച് 31ന് മുമ്പ് നെല്ല് കൊയ്ത് സംഭരണത്തിനായി നല്‍കാന്‍ കഴിയുന്ന കര്‍ഷകര്‍ ഇപ്പോള്‍ രജിസ്‌ട്രേഷന്‍ നടത്തണം. ഇനി മുതല്‍ സംഭരിച്ച നെല്ലിന്റെ പണം നേരിട്ട് അക്കൗണ്ടില്‍ നല്‍കുന്നു. പിആര്‍എസ് ലോണ്‍ സംവിധാനം നിര്‍ത്തലാക്കി.
എല്ലാ കര്‍ഷകരും പുതുതായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. അപേക്ഷ പുതുക്കി നല്‍കുന്ന രീതി ഉണ്ടായിരിക്കില്ല. സ്വന്തം, പാട്ടം(താല്‍ക്കാലികം)ഭൂമിയില്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ പ്രിന്റ് പകര്‍പ്പ് ഒപ്പിട്ടത് കൃഷിഭവനില്‍ നല്‍കണം. ഒരു കര്‍ഷകന് തന്നെ സ്വന്തം, പാട്ടം എന്നിങ്ങനെ കൃഷിയുണ്ടെങ്കില്‍ രണ്ട് അപേക്ഷ ആയി പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. വെള്ള, ചുവപ്പ് നെല്ല് ഇനങ്ങള്‍ ഒരാള്‍ തന്നെ കൃഷി ചെയ്തിട്ടുണ്ടെങ്കില്‍ രണ്ട് അപേക്ഷയായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യണം. പാട്ടകൃഷി ചെയ്യുന്ന കര്‍ഷകര്‍ 200 രൂപ മുദ്രകടലാസില്‍ തയ്യാറാക്കിയ സത്യവാന്മൂലം നല്‍കേണ്ടതില്ല. രജിസ്റ്റര്‍ ചെയ്ത പ്രിന്റ് മാത്രം കൃഷിഭവനില്‍ നല്‍കിയാല്‍ മതി. എന്നാല്‍ കൃഷിഭവനില്‍ നിന്നും ആവശ്യപ്പെടുന്ന പക്ഷം അനുബന്ധ രേഖകള്‍ നല്‍കണം.
കൃഷിഭവനില്‍ നിന്നും കര്‍ഷകരുടെ അപേക്ഷ ഓണ്‍ലൈന്‍ അപ്രൂവല്‍ ലഭിച്ചാല്‍ മാത്രമേ നെല്ല് സംഭരിക്കുകയുള്ളൂ. അതിനാല്‍ അപേക്ഷിച്ചതിന്റെ പ്രിന്റ് നിര്‍ബന്ധമായും കൃഷിഭവനില്‍ നല്‍കണം. 45 ദിവസത്തിനുള്ളില്‍ കൃഷിഭവനില്‍ നിന്നും അപേക്ഷ വെരിഫൈ ചെയ്ത് രജിസ്‌ട്രേഷന്‍ നമ്പര്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. 45 ദിവസം കഴിഞ്ഞാല്‍ അപേക്ഷ അസാധുവാകും. അപ്രൂവല്‍ ലഭിച്ച അപേക്ഷകള്‍ക്ക് സപ്ലൈക്കോ സൈറ്റില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ കാണിക്കണം. സ്വന്തം, പാട്ടം(താല്‍ക്കാലികം) കര്‍ഷകരുടെ കൃഷി ഭൂമി പരിധി ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ കര്‍ഷകന്‍ കൃഷി ചെയ്ത മുഴുവന്‍ ഭൂമിയും കര്‍ഷകന്റെ പേരില്‍ അപേക്ഷിക്കാം. മാത്രമല്ല കൃഷി ചെയ്ത മുഴുവന്‍ ഭൂമിയുടെയും ആനുപാതികമായി നെല്ല് സംഭരണത്തിനായി നല്‍കാം.
സപ്ലൈക്കോ നിഷ്‌ക്കര്‍ഷിക്കുന്ന ഗുണനിലവാരം, ഈര്‍പ്പം എന്നിവ പാലിക്കാത്ത നെല്ല് സംഭരിക്കുന്നതല്ല. മുളച്ച നെല്ല്, വെള്ള, ചുവപ്പ് നെല്ലുകള്‍ തമ്മില്‍ കലര്‍പ്പ് വന്നത്, പതിര് വൃത്തിയാക്കാത്ത നെല്ല് സംഭരിക്കുന്നതല്ല. കര്‍ഷകന്‍ കൃഷി ചെയ്ത് ഉല്‍പാദിപ്പിച്ച നെല്ല് മാത്രം സംഭരണത്തിനായി നല്‍കണം. സമിതിയിലുള്ള മറ്റുള്ളവരുടെ നെല്ല്, രജിസ്‌ട്രേഷന്‍ ഇല്ലാത്തവരുടെ നെല്ല് എന്നിവ കര്‍ഷകന്‍ നല്‍കുന്ന പക്ഷം അത് അനധികൃതമായി കണക്കാക്കുകയും ശിക്ഷ നടപടികള്‍ സ്വീകരിക്കും. ഓണ്‍ലൈന്‍ അപേക്ഷയില്‍ മേല്‍വിലാസം, പോസ്റ്റല്‍ കോഡ്, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഇല്ലാത്ത പക്ഷം നിരസിക്കും. കയറ്റുകൂലി സബ്സിഡി കര്‍ഷകന് ബാങ്ക് അകൗണ്ടില്‍ നെല്ലിന്റെ വിലയോടൊപ്പം നല്‍കുന്നതിനാല്‍ നെല്ല് സംഭരിക്കുന്ന സമയത്ത് മുഴുവന്‍ കയറ്റുകൂലിയും കര്‍ഷകന്‍ ചുമട്ടു തൊഴിലാളികള്‍ക്ക് നല്‍കണം.