സ്വകാര്യ ബാങ്ക് ജീവനക്കാരില്‍ നിന്ന് നാല്‍പ്പത് ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍ ; പിടിയിലായത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്നും

കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരില്‍ നിന്ന് നാല്‍പ്പത് ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. പ്രതി ഷിബിന്‍ ലാല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്നാണ് ഇന്ന് പുലര്‍ച്ചെ പിടിയിലായത്. പണം കണ്ടെത്താനായില്ല. തൃശൂരില്‍ നിന്ന് കോഴിക്കോടേക്കുള്ള യാത്രയിലായിരുന്നു പ്രതി. ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചത്. പ്രതിയെ ഫറോക്ക് എസിപിയുടെ ഓഫിസില്‍ എത്തിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയായിരുന്നു.

പന്തീരാങ്കാവില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യില്‍നിന്നു പണം ഉള്‍പ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് ഷിബിന്‍ ലാല്‍ തട്ടിപ്പറിച്ച് സ്‌കൂട്ടറില്‍ കടന്നുകളഞ്ഞത്. പന്തീരാങ്കാവില്‍നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡില്‍ അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിനു മുന്നിലായിരുന്നു സംഭവം. പണം നഷ്ടമായ ഇസാഫ് ബാങ്ക് ശാഖയിലെ എട്ട് ജീവനക്കാരെ പൊലീസ് ഇന്നലെ ചോദ്യംചെയ്തിരുന്നു. പണവുമായി പ്രതി ഷിബിന്‍ലാല്‍ പണവുമായി കടന്നു കളയാന്‍ ഉപയോഗിച്ച സ്‌കൂട്ടറും കണ്ടെത്തിയിരുന്നു.

പ്രതിയായ ഷിബിന്‍ ലാല്‍ നാല് ദിവസം മുമ്പാണ് സ്വര്‍ണ്ണപ്പണയം മാറ്റിവയ്ക്കുന്നതിനായി ബാങ്കിലെത്തിയത്. ഷിബിന്‍ ലാലിന്റെ വീട്ടിലെത്തി ഇസാഫ് പ്രതിനിധി വെരിഫിക്കേഷന്‍ നടത്തിയ ശേഷം ഭാര്യയുടെയും ഷിബിന്‍ലാലിന്റെയും പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി. ഒളവണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ 40 ലക്ഷത്തിന് സ്വര്‍ണ്ണ വായ്പ ഉണ്ടെന്നും ഇസാഫില്‍ പലിശ കുറവായതിനാല്‍ ഇങ്ങോട്ട് മാറ്റണമെന്നുമായിരുന്നു പറഞ്ഞിരുന്നത്.

തുടര്‍ന്നാണ് പണവുമായി ഇസാഫ് ജീവനക്കാര്‍ സഹകരണ ബാങ്കിലേക്ക് പോയത്. ഇസാഫ് ബാങ്ക് ജീവനക്കാരായ എട്ടു പേരായിരുന്നു ഈ പണത്തിനു സുരക്ഷയൊരുക്കാന്‍ കാറിലും ഓട്ടോറിക്ഷയിലുമായി ഷിബിനൊപ്പം വന്നത്. കോഴിക്കോട് മണക്കടവ് റോഡിലെ ബിഎസ്എന്‍എല്‍ ഓഫിസിനു സമീപം വാഹനങ്ങള്‍ നിര്‍ത്തി രണ്ടുപേര്‍ പുറത്തിറങ്ങി. അക്ഷയ ഫിനാന്‍സിയേഴ്‌സിലേക്ക് തുകയ്ക്ക് ഒപ്പം വരരുതെന്നും പുറത്തു നിന്നാല്‍ മതിയെന്നും ഷിബിന്‍ലാല്‍ പറഞ്ഞത് പ്രകാരം മറ്റുള്ളവര്‍ കാറില്‍ ഇരുന്നു. രണ്ടുപേര്‍ ബാഗുമായി ഷിബിന്‍ ലാലിന്റെ ഒപ്പം നടന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറില്‍ കയറി ഷിബിന്‍ ലാല്‍ പണവുമായി കടന്നുകളയുകയായിരുന്നു. കാറില്‍ പിന്നാലെ പോയെങ്കിലും ഇട റോഡില്‍ കടന്നതിനാല്‍ പിന്തുടരാനായില്ല.

error: Content is protected !!