
മലപ്പുറം: ട്രെയിനില്‍ വച്ച് സൗഹൃദം സ്ഥാപിച്ച് പട്ടാപ്പകല്‍ വീട്ടിലെത്തി ദമ്പതികളെ ജ്യൂസില്‍ മയക്ക് ഗുളിക ചേര്‍ത്ത് മയക്കി കിടത്തി ആറ് പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതി പൊലീസ് പിടിയില്‍. തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി ബാദുഷയെ തിരുവനന്തപുരത്ത് നിന്ന് വളാഞ്ചേരി പൊലീസാണ് പിടികൂടിയത്. വളാഞ്ചേരി കോട്ടപ്പുറം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രന്‍, ഭാര്യ ചന്ദ്രമതി എന്നീ വൃദ്ധ ദമ്പതികളെ മയക്കി കിടത്തിയാണ് പ്രതി മോഷണം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് സംഭവം. മുട്ടുവേദനയുടെ ചികിത്സയ്ക്കായി കൊട്ടാരക്കര പോയി മടങ്ങും വഴിയാണ് യുവാവ് ദമ്പതികളെ പരിചയപ്പെട്ടത്. നേവി ഉദ്യോഗസ്ഥന്‍ നീരജ് എന്ന് സ്വയം പരിചയപ്പെടുത്തുകയും ഇരുവര്‍ക്കും സീറ്റും ഇയാള്‍ തരപ്പെടുത്തി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ദമ്പതിമാരോട് രോഗ വിവരം ചോദിച്ചറിഞ്ഞ ഇയാള്‍ കുറഞ്ഞ ചിലവില്‍ നാവിക സേനയുടെ ആശുപത്രി വഴി ചികിത്സ ലഭ്യമാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. പിറ്റേദിവസം എല്ലാം ശരിയായെന്നും ചികിത്സയുടെ രേഖകള്‍ ശേഖരിക്കാന്‍ വീട്ടില്‍ വരാമെന്നും പറഞ്ഞ് ഫോണ്‍ ചെയ്ത് വളാഞ്ചേരിയിലെ വീട്ടിലെത്തി.
യുവാവ് താന്‍ കൊണ്ടുവന്ന ഫ്രൂട്ട്‌സ് ഉപയോഗിച്ച് സ്വയം ജ്യൂസ് തയ്യാറാക്കി ഇരുവര്‍ക്കും നല്‍കി. തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ ഗ്യാസിന്റെയാണെന്ന് പറഞ്ഞ് ഓരോ ഗുളികയും നല്‍കി. ഇതോടെ ഇരുവരും മയങ്ങി വീഴുകയും കവര്‍ച്ച നടത്തി യുവാവ് സ്ഥലം വിടുകയുമായിരുന്നു. ബോധം തെളിഞ്ഞപ്പോഴാണ് ഇവര്‍ക്ക് ചതി മനസ്സിലായത്. തുടര്‍ന്ന് ഇരുവരും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.