ജീപ്പില്‍ കയറ്റാന്‍ പറ്റില്ല, ഓട്ടോ വിളിച്ച് പോകൂ ; അപകടത്തില്‍ പരിക്കേറ്റവരെ തിരിഞ്ഞു നോക്കാതെ പോയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ബൈക്കപകടത്തില്‍ പരുക്കേറ്റവരെ തിരിഞ്ഞു നോക്കാതെ പോയ സംഭവത്തില്‍ രണ്ടു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കട്ടപ്പനയില്‍ നടന്ന അപകടത്തില്‍ പരുക്കേറ്റവരെ തിരിഞ്ഞ് നോക്കാതെ പോയ നെടുങ്കണ്ടം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആസാദ് എം , അജീഷ് കെ ആര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

കട്ടപ്പന പള്ളിക്കവലയില്‍ വച്ച് ശനിയാഴ്ച രാത്രിയാണ് ദിശ തെറ്റിയെത്തിയ പിക്കപ്പ് വാന്‍ ഇടിച്ച് കാഞ്ചിയാര്‍ ചൂരക്കാട്ട് ജൂബിന്‍ ബിജു(21), ഇരട്ടയാര്‍ എരുമച്ചാടത്ത് അഖില്‍ ആന്റണി(23) എന്നിവര്‍ക്ക് പരുക്കേറ്റത്. ഈ സമയം സംഭവ സ്ഥലത്തെത്തിയ നെടുങ്കണ്ടം പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് നാട്ടുകാര്‍ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി അപകടത്തില്‍പ്പെട്ടവരെ പോലീസ് ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ പോലീസുകാര്‍ ഇത് സമ്മതിക്കാതെ ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിച്ച ശേഷം ജീപ്പോടിച്ചു പോവുകയായിരുന്നു.

സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് ഇടുക്കി ജില്ല പോലീസ് മേധാവി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കട്ടപ്പന ഡിവൈഎസ്പിയോട് നിര്‍ദ്ദേശിച്ചു. ജീപ്പിലുണ്ടായിരുന്ന പോലീസുകാരായ ആസാദിനും അജീഷിനും സംഭവത്തില്‍ വീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തി. വകുപ്പു തല നടപടിക്ക് ശുപാര്‍ശ ചെയ്ത് ഡിവൈഎസ് പി വി എ നിഷാദ് മോന്‍ ജില്ല പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്നാണ് രണ്ടു പേരെയും ജില്ല പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ അന്വേഷണം നടത്താനും കട്ടപ്പന ഡിവൈഎസ് പിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അഖിലും ജൂബിനും ആശുപത്രിയില്‍ ചികിത്സയിലാണ്.

error: Content is protected !!