
കാലിക്കറ്റ് സര്‍വകലാശാലയുടെ പേരാമ്പ്രയിലുള്ള കേന്ദ്രത്തില്‍ മൂന്ന് പുതിയ കോഴ്‌സുകള്‍ 2022-23 അധ്യയനവര്‍ഷം തുടങ്ങാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് വിത് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, ബി.എസ് സി. കൗണ്‍സലിങ് സൈക്കോളജി, ബി.എസ്.ഡബ്ല്യൂ. എന്നിവയാണ് കോഴ്‌സുകള്‍.
സര്‍വകലാശാലയുടെ വിദൂരവിഭാഗം വഴി ഓണ്‍ലൈനായി മൂന്ന് ബിരുദ കോഴ്‌സുകളും ഏഴ് പി.ജി. കോഴ്‌സുകളും തുടങ്ങുന്നതിന് യു.ജി.സിക്ക് അപേക്ഷ സമര്‍പ്പിക്കും. ബി.കോം., ബി.ബി.എ., ബി.എ. മള്‍ട്ടിമീഡിയ, എം.കോം., എം.എസ് സി. മാത്സ്, എം.എ. വിമന്‍ സ്റ്റഡീസ്, എം.എ. ഇംഗ്ലീഷ്, എം.എ. ഇക്കണോമിക്‌സ്, എം.എ. അറബിക്, എം.എ. സോഷ്യോളജി എന്നിവയാണ് ഓണ്‍ലൈനില്‍ തുടങ്ങാനുദ്ദേശിക്കുന്നത്.
സര്‍വകലാശാലാ കായികപഠനവകുപ്പില്‍ സ്‌പെഷ്യലൈസേഷന്‍ കോഴ്‌സുകളായി എം.എസ് സി. സ്‌പോര്‍ട്‌സ് സയന്‍സ് ആന്‍ഡ് കോച്ചിങ്, എം.എസ് സി. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി തേടാനും തീരുമാനിച്ചു.
മറ്റു തീരുമാനങ്ങള്‍
ജോലിയുടെ ഭാഗമായി നോക്കേണ്ടതില്‍ കൂടുതലായി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടത്തുന്ന ഗസ്റ്റ് അധ്യാപകര്‍ക്ക് സര്‍വകലാശാലാ ഫണ്ടില്‍ നിന്ന് പ്രതിഫലം നല്‍കും.
സര്‍വകലാശാലാ കാമ്പസില്‍ വിദ്യാര്‍ഥിനികള്‍ക്കായി 50 സൈക്കിളുകള്‍ വാങ്ങും.
കാമ്പസില്‍ 25 താത്കാലിക വനിതാ സുരക്ഷാ ജീവനക്കാരെ നിയമിക്കും.
കായിക പഠനവിഭാഗത്തില്‍ ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാക്കാന്‍ താത്കാലിക നിയമനം നടത്തും.
സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവകുപ്പിലെ അസി. പ്രൊഫസര്‍ ഡോ. ഇ.എം. അനീഷിന് ലണ്ടനിലെ ഇംപീരിയല്‍ മെഡിസിന്‍ ഫാക്കല്‍റ്റി വിഭാഗത്തില്‍ ഗവേഷണം നടത്താന്‍ ആറുമാസത്തെ അവധി അനുവദിച്ചു. കോവിഡാനന്തര അണുബാധയെക്കുറിച്ചുള്ള ഗവേഷണത്തിനായി കേന്ദ്രസര്‍ക്കാറിന്റെ സയന്‍സ് എന്‍ജിനീയറിങ് റിസര്‍ച്ച് ബോര്‍ഡ് ഫെലോഷിപ്പ് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
സെനറ്റംഗങ്ങളുടെ യാത്രാബത്ത, സിറ്റിങ് ഫീസ് എന്നിവ വര്‍ധിപ്പിച്ചു.
ഉത്തരക്കടലാസ് കാണാതാകല്‍;
പോലീസില്‍ പരാതി നല്‍കും
സര്‍വകലാശാലാ പരീക്ഷാഭവനില്‍ നിന്ന് ഉത്തരക്കടലാസ് കാണാതായത് മോഷണമായി പരിഗണിച്ച് പോലീസില്‍ പരാതി നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. 2020 ബാച്ച് ഒന്നാം സെമസ്റ്റര്‍ ബി.കോം. വിദ്യാര്‍ഥികളുടെ 200 ഉത്തരക്കടലാസുകളാണ് കാണാതായത്.
ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരീക്ഷാഭവനില്‍ സുരക്ഷ കര്‍ശനമാക്കും. ഔദ്യോഗിക കൃത്യനിര്‍വഹണ മേഖലകളില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കും. ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ ബന്ധപ്പെട്ട ഡെപ്യൂട്ടി രജിസ്ട്രാര്‍മാരോട് റിപ്പോര്‍ട്ട് തേടാനും അതിന്റെ അടിസ്ഥാനത്തില്‍ നടപടികളെടുക്കാനും വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ കാര്യങ്ങള്‍ പഠിക്കാനായി നിയോഗിച്ച സമിതിയില്‍ കെ.കെ. ഹനീഫ, അഡ്വ. ടോം കെ. തോമസ്, ഡോ. എം. മനോഹരന്‍ എന്നിവരാണ് അംഗങ്ങള്‍.