തൊഴുത്ത് ആശുപത്രി വാർഡായി, ‘ഡയാലിസിസ്’ വിജയകരം; പശു സുഖം പ്രാപിക്കുന്നു
വേങ്ങര : എആർ നഗർ ചെണ്ടപ്പുറായ ചാലിലകത്ത് സുബൈറിന്റെ വീട്ടിലെ തൊഴുത്ത് കഴിഞ്ഞ ദിവസം ആശുപത്രി വാർഡായി മാറി. രണ്ടു യുവ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ, ചെള്ളുപനി ബാധിച്ച് അവശനിലയിലായ പശുവിന്റെ ദേഹത്തു 2 ലീറ്റർ രക്തം കയറ്റി. അവശനിലയിലായിരുന്ന പശു ഇപ്പോൾ ആരോഗ്യം വീണ്ടെടുക്കുന്നു. കുറച്ചു ദിവസങ്ങൾ കൂടി നിരീക്ഷണം വേണ്ടിവരുമെന്നു രക്തം കയറ്റൽ ചികിത്സയ്ക്കു നേതൃത്വം നൽകിയവരിലൊരാളായ തിരൂരങ്ങാടി ബ്ലോക്കിലെ ഡോ. മെൽവിൻ പറഞ്ഞു.
മൂന്നു മാസം തമിഴ്നാട് കൃഷ്ണഗിരി മാർക്കറ്റിൽനിന്നാണു സുബൈർ പശുവിനെ വാങ്ങിയത്. ചെള്ളുപനി ബാധിച്ചതോടെ കുറച്ചു ദിവസങ്ങളിലായി പശു അവശനിലയിലാണ്. അങ്ങനെയാണു ഡോക്ടർമാരെ വിവരമറിയിക്കുന്നത്. ഡോ.മെൽവിനും വേങ്ങര ബ്ലോക്കിലെ ഡോ. കെ.പി.സുധീഷാമോളുമെത്തുമ്പോൾ പശു തീർത്തും അവശയാണ്. ശരീരത്തിൽ രക്തത്തിന്റെ അളവ് കുറഞ്ഞു വിളർച്ച ബാധിച്ചിരുന്നു. ശ...